മലപ്പുറം: കോട്ടക്കലിൽ സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു. സഹദ് എന്ന 30-കാരനെയാണ് വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയത്. പിന്നീട് മോചനദ്രവ്യമായി ഒരു കോടി രൂപ ഇയാളുടെ കുടുംബത്തോട് ആവശ്യപ്പെട്ടു. പണം കിട്ടാതായതോടെ സഹദിനെ ക്രൂരമായി മർദിച്ചിച്ചശേഷം രണ്ടത്താണിയിലെ റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു. .
പരിക്കേറ്റ സഹദിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖത്തും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കരിപ്പൂരിൽ ഉൾപ്പെടെ സ്വർണക്കടത്തുമായി ബന്ധമുള്ളവരാണ് സംഭവത്തിന് പിന്നിലെന്നും ആയുധങ്ങൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ രണ്ട് കാറുകളിൽ എത്തിയ സംഘം വീട്ടിൽനിന്ന് സഹദിനെ പിടിച്ചുകൊണ്ടുപോവുകയായിരുന്നു. സ്വർണക്കടത്ത് നടത്തുന്ന വിവരം സഹദ് മറ്റാർക്കോ ഒറ്റിക്കൊടുത്തെന്ന് ആരോപിച്ചായിരുന്നു തട്ടിക്കൊണ്ടുപോകൽ.
സംഘത്തിലെ മൂന്നുപേരെ തിരിച്ചറിഞ്ഞതായി കോട്ടക്കൽ സിഐ അറിയിച്ചു. സ്വർണക്കടത്തു സംഘങ്ങളുമായി ഏതെങ്കിലും തരത്തിൽ സഹദിന് ബന്ധമുള്ളതായോ ഇയാൾക്ക് ക്രിമിനൽ പശ്ചാത്തമുള്ളതായോ വിവരമില്ലെന്നാണ് പോലീസും നാട്ടുകാരും പറയുന്നത്.