കൊല്ലം: ഇൻഫോപാർക്കിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി അടൂർ ഗസ്റ്റ് ഹൗസിൽ കൊണ്ടുപോയി മർദ്ദിച്ച കേസിലെ പ്രതികളും പൊലീസും തമ്മിൽ ഏറ്റുമുട്ടി. കൊല്ലം കുണ്ടറ കരിക്കുഴിയിലാണ് സംഭവം. എറണാകുളം ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം ആകാശത്തേക്ക് 4 റൗണ്ട് വെടിയുതിർത്തു. വെടിവയ്പ്പ് നടന്നയുടൻ രണ്ട് പ്രതികൾ കായലിൽ ചാടി രക്ഷപ്പെട്ടു. ഇന്നലെ രാത്രി ഒരു മണിയോടെയായിരുന്നു സംഭവം.
പ്രതികൾ കുണ്ടറയിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയത്. പൊലീസ് സംഘത്തെ കണ്ട പ്രതികൾ വടിവാൾ വീശി ആക്രമിക്കാൻ ശ്രമിച്ചു. തുടർന്ന് പൊലീസ് 4 റൗണ്ട് വെടിയുതിർത്തു. പ്രതികളെ പിടികൂടാൻ നാലംഗ പൊലീസ് സംഘമാണ് സ്ഥലത്തെത്തിയത്. പ്രതികളിലൊരാളായ കുണ്ടറ കരിക്കുഴി സ്വദേശി ലിബിൻ നേരത്തെ അറസ്റ്റിലായിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റ് രണ്ട് പ്രതികൾക്കായി പൊലീസ് സ്ഥലത്തെത്തിയത്.
സംഭവസ്ഥലത്തെത്തുമ്പോൾ പ്രതികൾ സ്ഥലത്തുണ്ടായിരുന്നെങ്കിലും വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. അപ്രതീക്ഷിതമായ ആക്രമണത്തിൽ പൊലീസ് ആകാശത്തേക്ക് വെടിയുതിർക്കുകയായിരുന്നു. ഇതോടെ പ്രതികൾ കായലിൽ ചാടി രക്ഷപ്പെട്ടു.