
മനാമ: 2025ന്റെ അവസാന പാദത്തില്‍ നടക്കുന്ന മൂന്നാമത് ഏഷ്യന്‍ യൂത്ത് ഗെയിംസിന് ബഹ്റൈന്‍ ആതിഥേയത്വം വഹിക്കാന്‍ കരാര്‍ ഒപ്പുവെച്ചു. ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) സെക്രട്ടറി ജനറല്‍ ഫാരിസ് മുസ്തഫ അല്‍ കൂഹേജിയും ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യ (ഒ.സി.എ) പശ്ചിമേഷ്യന്‍ വൈസ് പ്രസിഡന്റ് ഡോ. താനി ബിന്‍ അബ്ദുറഹ്മാന് അല്‍ കുവാരിയുമാണ് കരാറില്‍ ഒപ്പുവെച്ചത്.
സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സിന്റെ (എസ്സി.വൈ.എസ്) ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി (ജി.എസ്.എ) പ്രസിഡന്റും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫ കരാര്‍ ഒപ്പിടുന്നതിന് സാക്ഷ്യം വഹിച്ചു.
ബി.ഒ.സി. വൈസ് പ്രസിഡന്റ് ഷെയ്ഖ് ഈസ ബിന്‍ അലി അല്‍ ഖലീഫ, ഒ.സി.എ. ഡയറക്ടര്‍ ജനറല്‍ ഡോ. ഹുസൈന് അല്‍ മുസല്ലം എന്നിവര്‍ ഒപ്പിടല്‍ ചടങ്ങില്‍ പങ്കെടുത്തു.
ഏഷ്യന്‍ യൂത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ ബഹ്റൈനെ തിരഞ്ഞെടുത്തതില്‍ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അഭിമാനം പ്രകടിപ്പിച്ചു. പ്രധാന അന്താരാഷ്ട്ര കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ ബഹ്റൈന്‍ നേടിയ വിജയത്തെ ഇത് പ്രതിഫലിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
