തുരുവനന്തപുരം: ഇന്ധന – പാചക വാതക വില വർധനവിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സൈക്കിൾ റാലി സംഘടിപ്പിക്കുന്നു. കായംകുളം മുതൽ രാജ്ഭവൻ വരെ രണ്ട് ദിവസങ്ങളിലായി നടത്തുന്ന 100 കിലോമീറ്റർ പ്രതിഷേധ സൈക്കിൾ യാത്ര ഇന്ന് (ഏപ്രിൽ 14) രാവിലെ 8 മണിക്ക് കായംകുളം കൃഷ്ണപുരത്ത് നിന്നും ആരംഭിക്കും.
ഉച്ചയ്ക്ക് കൊല്ലം നഗരത്തിൽ എത്തുകയും വൈകിട്ട് ആദ്യ ദിന യാത്ര തിരുവനന്തപുരം അതിർത്തിയിലെ കടമ്പാട്ടുകോണത്ത് അവസാനിക്കും. രണ്ടാമത്തെ ദിവസമായ നാളെ കടമ്പാട്ടുകോണത്ത് ആരംഭിച്ചു കഴക്കൂട്ടത്ത് എത്തിച്ചേരുകയും അവിടുന്ന് രാജ്ഭവനിലേക്ക് യാത്ര നടത്തുകയും ചെയ്യും. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം. എൽ.എ യുടെ നേതൃത്വത്തിൽ നടക്കുന്ന സൈക്കിൾ റാലിയിൽ യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് ബി.വി ശ്രീനിവാസ് കൊല്ലത്ത് പങ്കെടുക്കും. മറ്റു പ്രമുഖ നേതാക്കൾ കൊല്ലത്തും തിരുവനന്തപുരത്തും പങ്കെടുക്കും.
ഇന്ധന വില വർധനവിനെതിരെ ആദ്യ ഘട്ട സമരമായി പെട്രോൾ പമ്പുകൾക്ക് മുന്നിൽ യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ ടാക്സ് പേ ബാക്ക് സമരം നടത്തിയിരുന്നു. ഇന്ധന വിലയിൽ 60 ശതമാനം കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ നികുതിയാണെന്നും അത് കുറയ്ക്കാതെ സർക്കാരുകൾ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നും തുടർ സമരങ്ങൾ യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.