
കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റിന്റെ തലക്ക് സെക്രട്ടറി കല്ലുകൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. കോഴിക്കോട് പുതുപ്പാടിയില്‍ ആണ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. മൈലള്ളാംപായിലില്‍ വെച്ച് മണ്ഡലം വൈസ് പ്രസിഡന്റ് ജിന്‍സ് കെ ജാന്‍സിനെയാണ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി പ്രിന്‍സ് ആക്രമിച്ചത്.
ജിന്‍സ് കെ ജാന്‍സിനെ കല്ലുകൊണ്ട് തലയ്ക്ക് കുത്തിപ്പരിക്കേല്‍പ്പിച്ചെന്നാണ് പരാതി. മണ്ഡലം പ്രസിഡന്റ് ദീപു, ഭാരവാഹി എല്ബിന് എന്നിവരുടെ നേതൃത്വത്തില്‍ പതിനഞ്ചോളം വരുന്ന സംഘമാണ് തന്നെ ആക്രമിച്ചതെന്നും ജിന്‍സ് പറഞ്ഞു.
പ്രിന്‍സിന്റെ വീടിന് സമീപത്തുള്ള റോഡില്‍ വെച്ചാണ് സംഘര്‍ഷം. പരിക്കേറ്റ ജിന്‍സിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘടനാ പ്രശ്നങ്ങള്‍ കാരണമാണ് അക്രമമെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ജിന്‍സ് പൊലീസില്‍ പരാതി നല്കി.


