
കുന്നംകുളം: കല്യാണം കഴിഞ്ഞ് അഞ്ച് വർഷങ്ങൾക്കുശേഷമുണ്ടായ ആദ്യ കുഞ്ഞിനെ കാണുന്നതിന് മുൻപ് ബൈക്ക് അപകടത്തിൽ യുവാവ് മരണപ്പെട്ടു.
കുന്നംകുളം വെട്ടിക്കടവ് പള്ളിക്കുസമീപം ബൈക്ക് നിയന്ത്രണം വിട്ട് വീട്ടുമതിലിലും വൈദ്യുതിത്തൂണിലും ഇടിച്ചുണ്ടായ അപകടത്തിൽ വെസ്റ്റ് മങ്ങാട് പൂവത്തൂർ വീട്ടിൽ ശരത്ത് (30) ആണ് തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെ മരിച്ചത്.
ഭാര്യ നമിതയെ പ്രസവത്തിനായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പുലർച്ചെ അഞ്ചിന് ഭാര്യയുടെ അടുത്തേക്കെത്താനുള്ള ഒരുക്കങ്ങൾ കഴിഞ്ഞ് കിടന്നതായിരുന്നു ശരത്ത്.
പുലർച്ചെ ഒന്നരയോടെ കൂട്ടുകാരന്റെ വിളി വന്നു. ബൈക്കിന്റെ പെട്രോൾ തീർന്ന് കുന്നംകുളം അഞ്ഞൂരിൽ വഴിയിലായ അവനെ സഹായിക്കാൻ മറ്റൊരു സുഹൃത്തുമായി അപ്പോൾത്തന്നെ പുറപ്പെട്ടു.
അപകടമുണ്ടായ ഉടൻ നാട്ടുകാരും പരസ്പരസഹായ സമിതി ആംബുലൻസ് പ്രവർത്തകരും ചേർന്ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തലയ്ക്കേറ്റ പരിക്കാണ് മരണത്തിനിടയാക്കിയത്.
