
മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം. അതുതന്നെയാണ് കളങ്കാവലിലേക്ക് പ്രേക്ഷകരെ ആകർഷിച്ച പ്രധാനഘടകം. ഒപ്പം അദ്ദേഹത്തിന്റെ വേറിട്ട വേഷവും. ചിത്രത്തിൽ വിനായകൻ നായകനാണെന്നും മമ്മൂട്ടി പ്രതിനായകനാണെന്നും നേരത്തെ അഭ്യൂഹങ്ങൾ വന്നിരുന്നു. ഇക്കാര്യം ഉള്ളതാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മമ്മൂട്ടി ഇപ്പോൾ തന്റെ കഥാപാത്രം ഒരുപക്ഷേ പ്രേക്ഷകർക്ക് ഇഷ്ടപ്പെടില്ലെന്നും പക്ഷേ തിയറ്ററിൽ ഉപേക്ഷിച്ച് പോകാനാവില്ലെന്നും അദ്ദേഹം പറയുന്നു.
മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെ
കുറേക്കാലത്തിന് ശേഷം എന്റെയൊരു സിനിമ ഇറങ്ങുകയാണ്. ഈ സിനിമയ്ക്ക് കുറച്ച് കാലതാമസം ഉണ്ടായിരുന്നു. കാരണമെല്ലാം നിങ്ങൾക്ക് അറിയാം. ഇത് ഞാൻ വളരെ ആഗ്രഹിച്ച് ചെയ്ത സിനിമയാണ്. ഞങ്ങളുടെ എല്ലാ പ്രൊഡക്ഷനും അങ്ങനെ തന്നെയാണ്. ഇനിയും ഒരുപാട് നല്ല സിനിമകൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ഓരോ സിനിമയും വളരെ സന്തോഷത്തോടെ പ്രേക്ഷകർ സ്വീകരിക്കുമ്പോൾ, ഒരു സമാധാനമാണ്. നമുക്ക് ഇനിയും നല്ല സിനിമകൾ ചെയ്യാൻ സാധിക്കും, പ്രേക്ഷകരുടെ എല്ലാ പിന്തുണയും ഉണ്ടാകും എന്നുള്ളൊരു ആത്മവിശ്വാസം. ഈ സിനിമയും അങ്ങനെയാണ്. ഇതൊരു പരീക്ഷണ സിനിമയെന്നല്ല. സിനിമകളെല്ലാം പരീക്ഷണങ്ങൾ തന്നെയാണ്. അങ്ങനെ അല്ലാത്തൊരു സിനിമയും ഇറങ്ങുന്നില്ല. 10 കോടിയുടെ ആയാലും 100 കോടിയുടെ ആയാലും. എല്ലാം പരീക്ഷണങ്ങളാണ്. അത് വിജയിക്കുന്നത് വരെ പരീക്ഷണമാണ്. ഈ സിനിമയും അങ്ങനെയാണ്.
എന്നെ സംബന്ധിച്ച് സിനിമയല്ല പരീക്ഷണം, എന്റെ കഥാപാത്രമാണ് ഏറ്റവും വലിയ പരീക്ഷണം. ഈ സിനിമയിൽ ഞാൻ ചെയ്യുന്ന കഥാപാത്രം ഒരുപക്ഷേ നിങ്ങൾക്ക് സ്നേഹിക്കാനോ ഇഷ്ടപ്പെടാനോ വളരെ ബുദ്ധിമുട്ടാണ്. പക്ഷേ സിനിമ കണ്ടുപോകുമ്പോൾ ഈ കഥാപാത്രം തിയറ്ററിൽ ഉപേക്ഷിച്ചിട്ട് പോകാൻ പറ്റില്ല. കളങ്കാവലിൽ എനിക്ക് ആദ്യം ഓഫർ ചെയ്ത റോൾ പൊലീസ് ഉദ്യോഗസ്ഥന്റേതാണ്. അതെന്നെക്കാൾ നന്നായി ചെയ്യാൻ വിനായകൻ ആണ് നല്ലതെന്ന് തോന്നി. അദ്ദേഹത്തെ സമീപിച്ചപ്പോൾ സംശയമായിരുന്നു. എന്നെ തന്നെയാണോ ഉദ്ദേശിച്ചത് എന്ന്. ഈ സിനിമയിലെ നായകൻ വിനായകനാണ്. അങ്ങനെ തന്നെയാണ് പോസ്റ്ററിലും കൊടുത്തിരിക്കുന്നത്. ഞാൻ നായകനാണ് പക്ഷെ പ്രതിനായകനാണ്.
വളരെ ചുരുങ്ങിയ പുരുഷ കഥാപാത്രങ്ങളും ബാക്കി മുഴുവനും സ്ത്രീ കഥാപാത്രങ്ങളുമാണ്. ഇത്രയും സ്ത്രീകൾ ഒന്നിച്ചഭിനയിച്ച സിനിമ ഉണ്ടാകില്ല ചിലപ്പോൾ. ഇത്രയും കാലം എന്റെ എല്ലാ സിനിമാ കസർത്തുകളും സ്വീകരിച്ച ഈ പ്രേക്ഷകരെ വിശ്വസിച്ച് തന്നെയാണ് ഈ കഥാപാത്രം ഏറ്റെടുക്കാൻ ഞാൻ തീരുമാനിച്ചത്. എന്റെ ആത്മവിശ്വാസത്തിന് നിങ്ങൾ കൂട്ടുനിൽക്കുമെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. കഴിഞ്ഞ 45 വർഷമായി നിങ്ങളെ മാത്രം വിശ്വസിച്ചാണ്, രസിപ്പിച്ച് കൊണ്ട് ഞാൻ ഇവിടെ നിൽക്കുന്നത്. ഇനി അങ്ങോട്ടും അതിനുള്ള അവസരം ഉണ്ടാകട്ടെ എന്നാണ് ആഗ്രഹവും.


