സനാ: പാലക്കാട് സ്വദേശിനി നിമിഷ പ്രിയയുടെ വധശിക്ഷ യമൻ അപ്പീൽ കോടതി ശരിവച്ചു. യമൻ പൗരൻ തലാൽ അബ്ദുൽമഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. 2017 ജൂലൈ 25 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയാണ് നിമിഷ.
യമനിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന തലാൽ പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചു.
ആത്മ രക്ഷാർത്ഥമാണ് കൊലകുറ്റം നടത്തിയതെന്നും സ്ത്രീ എന്ന പരിഗണന നൽകി ശിക്ഷ കുറക്കണം എനന്നും നിമിഷ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ആവശ്യങ്ങൾ എല്ലാം കോടതി തള്ളുകയായിരുന്നു. മരിച്ച യമൻ പൗരന്റെ കുടുംബം നിമിഷയ്ക്ക് വധ ശിക്ഷ നൽകണം എന്ന ആവശ്യവുമായി പ്രതിഷേധം നടത്തിയിരുന്നു.
വധശിക്ഷ ശരിവച്ചതോടെ യെമൻ പ്രസിഡന്റിന്റെ അധ്യക്ഷതയിലുള്ള സുപ്രീം ജുഡീഷ്യൽ കൗൺസിലിന്റെ പരിഗണനയ്ക്ക് കേസ് സമർപ്പിക്കാം. എന്നാൽ അവിടെ അപ്പീൽ കോടതിയിലെ നടപടിക്രമങ്ങൾ ശരിയായിരുന്നോ എന്ന് പരിശോധിക്കുക മാത്രമാണ് പതിവ്.