ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയ്ക്കെതിരെ മകൻ ബി.വൈ വിജയേന്ദ്രയെ മത്സരിപ്പിക്കുമെന്ന് സൂചന നൽകി ബി.എസ്.യെഡിയൂരപ്പ. ഇന്ന് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് സിദ്ധരാമയ്യയ്ക്കെതിരെ മകനെ മത്സരിപ്പിക്കുമെന്ന് ബി.എസ്.യെഡിയൂരപ്പ സൂചന നൽകിയത്. ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ഉയർന്നപ്പോൾ വരുണയിൽ വിജയേന്ദ്രയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്ന് അദ്ദേഹം സൂചന നൽകി.
“ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുകയാണ്. ഇക്കാര്യത്തിൽ ദേശീയ നേതൃത്വത്തിന്റെ തീരുമാനമായിരിക്കും അന്തിമം. വരുണയിൽ ശക്തനായ സ്ഥാനാർത്ഥിയെ നിർത്തി കോൺഗ്രസിനെതിരെ കടുത്ത പോരാട്ടം നടത്തുകയും ചെയ്യും. എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം,” യെഡിയൂരപ്പ പറഞ്ഞു.
മെയ് മാസത്തിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി അധികാരം നിലനിർത്തുമെന്നും യെഡിയൂരപ്പ അവകാശപ്പെട്ടു. “കർണാടകയിൽ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് ഉറപ്പാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഞങ്ങൾ ഇവിടെ വീണ്ടും അധികാരത്തിലെത്തും. ഏറ്റവും അഴിമതി നിറഞ്ഞ പാർട്ടിയാണ് കോൺഗ്രസ്. അതുകൊണ്ടാണ് 40 ശതമാനം കമ്മിഷന്റെ കാര്യമൊക്കെ അവർ ഉന്നയിക്കുന്നത്. ഇതെല്ലാം വോട്ടർമാർ തള്ളിക്കളയും,” യെഡിയൂരപ്പ പറഞ്ഞു.