ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥരുടെ വധവുമായി ബന്ധപ്പെട്ട് പിടിയിലായ ഭീകരന് യാസിന് മാലിക്കും കൂട്ടാളികളും കുറ്റക്കാരെന്ന് കോടതി. കുറ്റക്കാരായി കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രതികള്‍ക്കെതിരെ കോടതി കുറ്റം ചുമത്തി. യാസിന് മാലിക്കിനും കൂടെയുള്ള ആറ് പേര്‍ക്കെതിരെയുമാണ് കോടതി കുറ്റം ചുമത്തിയത്. കേസ് മാര്‍ച്ച് 30 ന് വീണ്ടും പരിഗണിക്കും.
യാസിന് മാലിക്, അലി മുഹമ്മദ് മിര്‍, മന്‍സൂര്‍ അഹമ്മദ്, ജാവേദ് അഹമ്മദ് മിര്‍, സലീം, ജാവേദ് അഹമ്മദ് സാഗര്‍, ഷൗക്കത്ത് അഹമ്മദ് എന്നിവരാണ് കേസിലെ പ്രതികള്‍. രണ്‍ബിര്‍ പീനല്‍ കോഡ്, തീവ്രാവാദ നിരോധന നിയമം, ആര്‍പിസിയിലെ ആയുധ നിയമം എന്നിവ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.
കുറ്റപത്രത്തില്‍ സിബിഐ വ്യക്തമാക്കിയത് പോലെ സംഭവത്തില്‍ ഗൂഢാലോചന നടത്തിയില് പ്രതികള്‍ക്കും പങ്കുണ്ടെന്ന് കോടതി പറഞ്ഞു. ഇത് പ്രഥമദൃഷ്ട്യ കോടതിയ്ക്ക് വ്യക്തമായിട്ടുണ്ട്. ആയതിനാല്‍ പ്രതികള്‍ കുറ്റക്കാരാണെന്നും കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് പ്രതികള്‍ക്ക് മേല്‍ കുറ്റം ചുമത്തിയത്.
1990 ലാണ് കേസിനാസ്പദമായ സംഭവം. ജനുവരി 25 ന് ഐഎഎഫ് ഓഫീസര്‍ രവി ഖന്നയെയും മറ്റ് മൂന്ന് ഉദ്യോഗസ്ഥരെയും യാസിന് മാലിക്കും കൂട്ടാളികളും ചേര്‍ന്ന് വധിക്കുകയായിരുന്നു. കേസില്‍ 1990 ആഗസ്റ്റ് 31 ന് അന്വേഷണ സംഘം യാസിന് മാലിക്കിനെതിരെ കോടതിയില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. പിന്നീട് ഭീകരവാദത്തിന് പണം സമാഹരിച്ച കേസില്‍ യാസിന് മാലിക്കിനെ എന്‍ഐഎ അറസ്റ്റ് ചെയ്യുകയായിരുന്നു. നിലവില്‍ പ്രതികളെ തീഹാര്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.