ആലപ്പുഴ: ആലപ്പുഴയിലെ അഞ്ച് ബ്രാഞ്ച് സെക്രട്ടറിമാർ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്കും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് പരാതി നൽകി. ലോക്കൽ സെക്രട്ടറിയുടെ വീട്ടിൽനിന്ന് കഞ്ചാവ് പിടിച്ചതടക്കമുള്ള ആരോപണങ്ങൾ ഉൾപ്പെടുത്തിയാണ് പരാതി. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പരാതി നൽകി. കഴിഞ്ഞ സമ്മേളന കാലയളവിൽ തന്നെ ആലപ്പുഴയിലെ വിഭാഗീയത മറനീക്കി പുറത്തു വന്നിരുന്നു.
വിവിധ ലോക്കൽ കമ്മിറ്റികളിൽ നടക്കുന്ന പുനഃസംഘടനയിലും വിഭാഗീയതയുണ്ട്. കമ്മിഷൻ ചൂണ്ടിക്കാണിച്ച കാര്യങ്ങൾ തിരുത്തുന്നില്ല എന്നാണ് പരാതിയിലെ പ്രധാന ആക്ഷേപം. ഔദ്യോഗിക പാനലിൽ തോൽപിക്കപ്പെട്ടവരെ, പുതിയതായി പുനഃസംഘടിപ്പിക്കപ്പെട്ടവർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടില്ല എന്ന ആരോപണവും ഉയരുന്നുണ്ട്.
ഒരുമന്ത്രിയുമായി ചേർന്ന് ഒരുവിഭാഗം നേതാക്കൾ ഗൂഢാലോചന നടത്തുകയും ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട തീരുമാനം ഉണ്ടാകുകയും ചെയ്തു എന്നാണ് മറ്റൊരു ആരോപണം. എംഎൽഎ ഓഫിസിൽ ജോലി നൽകാൻ ഒരു യുവതിയിൽനിന്ന് പണം വാങ്ങി. പണം വാങ്ങിയ നേതാവ് പൊലീസ് സ്റ്റേഷനിൽ ഇടനിലക്കാരനായി. പാർട്ടി പരിപാടിയിൽ പങ്കെടുക്കാത്ത ഒരാളെ ലോക്കൽ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതായും പരാതിയിൽ പറയുന്നുണ്ട്.