
കല്‍പ്പറ്റ: വയനാട്ടിലെ ചൂരല്‍മല- മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിലേക്ക് ഇനി സമ്മതപത്രം നല്‍കാനുള്ളത് നാലു പേര് മാത്രം.
രണ്ടാംഘട്ട 2-എ, 2- ബി പട്ടികയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് സമ്മതപത്രം നല്‍കാനുള്ള അവസാന ദിവസമായ ഇന്ന് 20 പേരാണ് സമ്മതപത്രം കൈമാറിയത്. ഒന്നാംഘട്ട ഗുണഭോക്താക്കളുടെ പട്ടികയില്‍ ഉള്‍പ്പെട്ട 242 പേര് സമ്മതപത്രം നല്‍കിയിരുന്നു. രണ്ടാംഘട്ട 2- എയില്‍ ഉള്‍പ്പെട്ട 87 ആളുകള്‍ സമ്മതപത്രം കൈമാറി. 2- ബിയില്‍ ഉള്‍പ്പെട്ട 69 ആളുകളാണ് സമ്മതപത്രം കൈമാറിയത്. ഗുണഭോക്താക്കളുടെ പട്ടികയില്‍ ആകെ 402 പേരാണുള്ളത്. ഇതില്‍ ടൗണ്‍ഷിപ്പില്‍ വീടിനായി സമ്മതപത്രം നല്‍കിയത് 289 ആളുകളാണ്. സാമ്പത്തിക സഹായത്തിനായി 109 പേരും സമ്മതപത്രം കൈമാറി. കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ 410 വീടുകള്‍ നിര്‍മിക്കാനാണ് ഊരാളുങ്കലിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. നാല് പേര് കൂടി സമ്മതപത്രം നല്കിയാലും 293 വീടുകളേ നിര്മിക്കേണ്ടിവരൂ.
അതേസമയം, എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ നിര്‍മാണം തുടങ്ങാനായില്ല. ഇന്ന് കേസ് പരിഗണിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചതെങ്കിലും അതുണ്ടായില്ല. ഹൈക്കോടതിയുടെ ഉത്തരവ് വന്ന ശേഷമേ നിര്‍മാണം തുടങ്ങാനാകൂ എന്ന് ഊരാളുങ്കല്‍ വ്യക്തമാക്കി. എല്ലാ വീടുകളുടെയും നിര്‍മാണം ഒരുമിച്ച് നടത്താനാണ് നീക്കം. നാളെ സമ്മതപത്രങ്ങളുടെ പരിശോധന ആരംഭിക്കും. ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ഏപ്രില്‍ 20ന് പ്രസിദ്ധീകരിക്കും. അതിനു ശേഷമായിരിക്കും എത്ര വീടുകള്‍ നിര്‍മിക്കണമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമാകുക.
