
കല്‍പ്പറ്റ/കൊച്ചി: വയനാട്ടിലെ ചൂരല്‍മല- മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിന് ഏറ്റെടുത്ത എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ന്യായവില നിര്‍ണയിക്കുന്നതില്‍ അപാകതയുണ്ടായെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
26 കോടി രൂപയാണ് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഉടമയ്ക്ക് നഷ്ടപരിഹാരമായി സര്‍ക്കാര്‍ ആദ്യം നിശ്ചയിച്ചത്. എന്നാല്‍ ന്യായവിലയില്‍ മാറ്റം വന്നതോടെ ഇത് 42 കോടി രൂപയായി മാറുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കോടതിയുടെ നിര്‍ദേശപ്രകാരം തുക കൈമാറാമെന്നും അറിയിച്ചു.
നഷ്ടപരിഹാരമായി സര്‍ക്കാര്‍ നിശ്ചയിച്ച തുക അപര്യാപ്തമാണെന്ന് എസ്റ്റേറ്റ് ഉടമ കോടതിയെ അറിയിച്ചു. സ്ഥലത്തിന്റെ ശരിയായ വിലയല്ല ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയത്. 549 കോടി രൂപ നഷ്ടപരിഹാരം ലഭിക്കണമെന്നും ഉടമ കോടതിയെ അറിയിച്ചു. എന്നാല്‍ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയാണ് സ്ഥലം ഏറ്റെടുത്തതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വാദം കേട്ട കോടതി നാളെ വിധി പറയും.
മുഖ്യമന്ത്രി പിണറായി വിജയന് തറക്കല്ലിട്ട് 15 ദിവസമായിട്ടും കോടതി വ്യവഹാരം നീണ്ടതിനാല്‍ ടൗണ്‍ഷിപ്പ് നിര്‍മാണം തുടങ്ങാനായില്ല. തറക്കല്ലിട്ട് തൊട്ടടുത്ത ദിവസം തന്നെ നിര്‍മാണം തുടങ്ങാനായിരുന്നു നീക്കം. ഇതിനിടെയാണ് കോടതിയില്‍ ഹര്‍ജി എത്തിയത്. നിര്‍മാണ പ്രവൃത്തി ഏറ്റെടുത്ത ഊരാളുങ്കല്‍ സൊസൈറ്റി എത്രയും പെട്ടെന്ന് നിര്‍മാണമാരംഭിക്കാന്‍ ഒരുക്കമാണെങ്കിലും കോടതിയില്‍നിന്ന് വിധി വരാതെ നിര്‍മാണം തുടങ്ങാനാകില്ലെന്ന് അറിയിച്ചു.
കല്‍പ്പറ്റ ബൈപ്പാസിനോട് ചേര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത 64 ഹെക്ടര്‍ ഭൂമിയിലാണ് ടൗണ്‍ഷിപ്പ് നിര്‍മാണം. ഏഴു സെന്റ് വീതമുള്ള പ്ലോട്ടുകളിലായി 1,000 ചതുരശ്ര അടിയില്‍ ക്ലസ്റ്ററുകളിലായാണ് വീടുകള്‍ നിര്‍മിക്കുന്നത്.
ടൗണ്‍ഷിപ്പില്‍ വീട് നിര്‍മിക്കുന്നവരുടെ അന്തിമ പട്ടിക ഈ മാസം 20ന് പ്രസിദ്ധീകരിക്കും. 402 ഗുണഭോക്തൃ പട്ടികയില്‍ 400 പേരാണ് സമ്മതപത്രം നല്‍കിയത്. ഇവരില്‍ 290 പേര് വീടിനും 110 പേര് സാമ്പത്തിക സഹായത്തിനുമാണ് സമ്മതപത്രം നല്‍കിയത്. ദുരന്തമേഖലയില്‍ അവശേഷിച്ച വീട് കൈവിടാന്‍ താല്പര്യമില്ലാത്തതിനാലാമാണ് 2 പേര് വീടും സാമ്പത്തിക സഹായവും സ്വീകരിക്കാന്‍ തയാറാകാത്തത്. സമ്മതപത്രം നല്‍കിയെങ്കിലും പുഞ്ചിരിമട്ടത്തുള്ള ഗോത്രകുടുംബവും ടൗണ്‍ഷിപ്പില്‍നിന്ന് ഒഴിവാക്കി അതേ സ്ഥലത്ത് തന്നെ താമസിക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യപ്പെടുന്നത്.
26 കോടി രൂപ പ്രതീകാത്മകമായി കോടതിയില്‍ കെട്ടിവെച്ചാണ് നിര്‍മാണം ഉദ്ഘാടനം ചെയ്തത്. പണം കോടതി സ്വീകരിച്ച ശേഷമേ നിര്‍മാണത്തിനായി ഊരാളുങ്കലിന് സ്ഥലം കൈമാറാനാവൂ.
