കൊവിഡ് മഹാമാരിയുടെ പിടിയിൽ നിന്നും ലോകം മോചനം നേടുന്ന വേളയിലാണ് ഇക്കുറി ലോകാരോഗ്യ ദിനം കടന്നുവരുന്നത്. ‘നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം’ എന്നതാണ് ഈ വര്‍ഷത്തെ ലോകാരോഗ്യ ദിനാചരണ സന്ദേശം. ഭൂമിയെയും പ്രകൃതിയെയും സംരക്ഷിച്ചു കൊണ്ട് കൂടുതല്‍ ആരോഗ്യപ്രദമായ ഒരു ലോകം കെട്ടിപ്പടുക്കുക എന്ന സന്ദേശമാണ് ഈ ലോകാരോഗ്യ ദിനം മുന്നോട്ട് വയ്ക്കുന്നത്.
ലോകാരോഗ്യ സംഘടന 1948 ൽ ആദ്യത്തെ ആരോഗ്യ അസംബ്ലിയിൽ ലോകാരോഗ്യ ദിന പ്രചാരണം ആരംഭിക്കുകയും 1950 ൽ ആചരിക്കുകയും ചെയ്തു. സാർവത്രിക ആരോഗ്യ പരിരക്ഷയുടെ പ്രാധാന്യം പൊതു സമൂഹത്തിന് മനസ്സിലാക്കുക എന്നതായിരുന്നു ദിനാചരണ ലക്ഷ്യം. ഭൂമിയും പ്രകൃതിയും മലിനമാക്കപ്പെടുമ്പോള്‍ ശ്വാസകോശരോഗങ്ങള്‍, ക്യാന്‍സര്‍, ഹൃദ്രോഗങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ വര്‍ദ്ധിക്കുമെന്നുള്ളത് ശാസ്ത്രീയമായി തന്നെ പല പഠനങ്ങളിലൂടെയും തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.
