
മനാമ: ബഹ്റൈനില്‍ ലോക വെയിറ്റ്ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ് ഡിസംബര്‍ 4 മുതല്‍ 15 വരെ നടക്കും. 114 രാജ്യങ്ങളില്‍നിന്നായി 1,000 കായികതാരങ്ങള്‍ പങ്കെടുക്കും.
രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ ജീവകാരുണ്യ- യുവജനകാര്യ പ്രതിനിധിയും സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ് (എസ്.സി.വൈ.എസ്) ചെയര്‍മാനുമായ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തിലാണ് ചാമ്പന്‍ഷിപ്പ് നടക്കുന്നത്. ബഹ്റൈന്‍ ആതിഥേയത്വം വഹിക്കുന്ന സീനിയര്‍ അത്ലറ്റുകള്ക്കായുള്ള ആദ്യത്തെ ആഗോള ഒളിമ്പിക് ലെവല്‍ സ്പോര്‍ട്സ് ചാമ്പ്യന്‍ഷിപ്പാണിത്.
ബഹ്റൈന്റെ കായികമേഖലയെ മുന്നോട്ടു കൊണ്ടുപോകുന്നതിനും അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നതിലൂടെ ബഹ്റൈന്റെ നിലവാരം ഉയര്‍ത്തുന്നതിനും സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ് (എസ്.സി.വൈ.എസ്) ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി (ജി.എസ.്എ) ചെയര്‍മാനും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ശൈഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫ നടത്തുന്ന ശ്രമങ്ങളെ ശൈഖ് നാസര്‍ ബിന്‍ ഹമദ് അഭിനന്ദിച്ചു.
