ന്യൂഡൽഹി: വിമാന കമ്പനികളുടെ ടിക്കറ്റ് വില വർദ്ധനവിനെതിരെ വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ (WPMA) കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് നിവേദനം നൽകി. ഇന്ത്യ ഉൾപ്പെടെ യാത്രാ വിലക്കുള്ള രാജ്യങ്ങളിൽ നിന്നുള്ള താമസ വിസക്കാർക്ക് യുഎഇ ഗവൺമെൻറ് നൽകിയ നിബന്ധനകളോടെയുള്ള പ്രവേശനാനുമതിയേ വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ സ്വാഗതം ചെയ്തു. യുഎഇയിൽ എല്ലാ തൊഴിൽ മേഖലകളിലും ജോലിചെയ്യുന്ന ഇന്ത്യക്കാരായ പ്രവാസികൾക്ക് ഇതൊരു ആശ്വാസം നൽകുന്ന വാർത്തയാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ കുതിച്ചുകയറുന്ന എയർലൈൻസ് ടിക്കറ്റ് ചാർജ്കളുടെ കാര്യത്തിൽ വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ ആശങ്ക രേഖപ്പെടുത്തി.
നിലവിലെ സാഹചര്യത്തിൽ 30,000 ഇന്ത്യൻ രൂപയുടെ അടുത്താണ് ഒരു യാത്രക്കാരന് കേരളത്തിൽ നിന്ന് യുഎഇയിലേക്ക് ഈടാക്കുന്നത്. ഇപ്പോഴത്തെ കോവിഡ് സാഹചര്യത്തിലും സാമ്പത്തിക ബുദ്ധിമുട്ടിലും കഷ്ടതനുഭവിക്കുന്ന പാവപ്പെട്ട പ്രവാസികളുടെ മേൽ അമിതഭാരമായി അമിത ചാർജ്ജ് പതിക്കുന്നു. ഈ സാഹചര്യം മുതലെടുത്ത് പ്രവാസികളുടെ പണം ചൂഷണം ചെയ്യുന്ന എയർലൈൻസ് പകൽക്കൊള്ളക്കെതിരെയും അമിത ചാർജ്ജ് കുറയ്ക്കുന്നതിനും എത്രയും പെട്ടെന്ന് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഇടപെടാൻ വേണ്ടി വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ, ഇന്ത്യൻ പ്രധാനമന്ത്രി, വ്യോമയാന മന്ത്രി, വിദേശകാര്യ മന്ത്രി,കേരള മുഖ്യമന്ത്രി എന്നിവർക്ക് നിവേദനം നൽകി.