ഡാളസ്: വേൾഡ് മലയാളി കൗൺസിൽ നോർത്ത് ടെക്സാസ് പ്രോവിന്സിന്റെ ആഭിമുഖ്യത്തില്‍ ഡാലസിൽ വർണ്ണാഭമായ പരിപാടികളോടെ ഓണം ആഘോഷിച്ചു. ഡാളസിലെ സെന്റ് മേരീസ് മലങ്കര യാക്കോബാ പള്ളിയുടെ ഓഡിറ്റോറിയത്തിലായിരുന്നു സെപ്റ്റംബർ 16 നു രാവിലെ മുതൽ ഓണാഘോഷ പരിപാടികൾ അരങ്ങേറിയത്.
മുഖ്യാതിഥി മനു ഡാനി (സണ്ണിവെയ്ൽ കൗൺസിൽ അംഗം), ഡബ്ല്യുഎംസി ഗോളബൽ ചെയർമാൻ ഗോപാല പിള്ള, WMC അമേരിക്ക റീജിയൻ പ്രസിഡന്റ് ജോൺസൺ തലച്ചെല്ലൂർ, ഡബ്ല്യുഎംസി അമേരിക്ക റീജിയൻ ചെയർമാൻ ചാക്കോ കോയിക്കലത്ത്, ഉപദേശക സമിതി ചെയർമാൻ ഫിലിപ്പ് തോമസ്, അമേരിക്ക റീജിയൻ വൈസ് ചെയർപേഴ്സൺ ശാന്ത പിള്ള, ഡബ്ല്യു.എം.സി. നോർത്ത് ടെക്സാസ് പ്രസിഡന്റ് സുകു വർഗീസ്, ചെയർപേഴ്സൺ ആൻസി തലച്ചെല്ലൂർ, ഡാളസ് പ്രൊവിൻസ് അഡ്വൈസറി ബോർഡ് ചെയർമാൻ ചെറിയാൻ അലക്സാണ്ടർ, ഡാളസ് പ്രൊവിൻസ് ചെയർമാൻ അലക്സ് അലക്സാണ്ടർ, തുടങ്ങിയ സംഘടനാ ഭാരവാഹികള്‍ ചേർന്ന് നിലവിളക്കു കൊളുത്തി ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
സുകു വർഗീസ് സ്വാഗതമാശംസിച്ചു. മനു ഡാനി ഓണസന്ദേശം നല്കി. വിശ്വമാനവികതയുടേയും സാഹോദര്യത്തിന്റേയും സമൃദ്ധിയുടെയും ഉത്സവമായ ഓണക്കാലം മാവേലിയുടെ ഉദാത്തമായ ഭരണ സങ്കൽപ്പത്തിന്റെ ഓർമ്മപുതുക്കുന്നുവെന്നു മനു പറഞ്ഞു. ഓണത്തിന്റെ പുരാവൃത്തവും ഐതീഹ്യവും പുതിയ തലമുറക്കായി മനു വിവരിച്ചു.
ഡബ്ള്യൂഎംസിയിലെ കലാപ്രതിഭകൾ അവതരിപ്പിച്ച കലാപരിപാടികളും ഡാലസിൽ നിന്നുള്ള ഗായകരുടെ ഗൃഹാതുരത്വം തുളുമ്പുന്ന നിത്യഹരിതങ്ങളായ ഓണപ്പാട്ടുകളും പോയകാലത്തിന്റെ ഓർമ്മ പുതുക്കി. ബിജു ചാണ്ടി, റാണി & എമ്മ, സ്മിത ഷാൻ മാത്യു, അലക്സാണ്ടർ പാപ്പച്ചൻ, ആൻസി തലച്ചെല്ലൂർ , അമ്പിളി, ടിയാന, ജോൺസൺ തലച്ചെല്ലൂർ, സുകു വർഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഗാനാലാപനങ്ങൾ.
സിനി ആർട്ടിസ്റ്റും നർത്തകിയുമായ രാജലക്ഷ്മി രവീന്ദ്രന്റെ ക്ളാസിക്കൽ ഡാൻസുകളും, അന്ന റോബിൻ & മിന്നു റോബിൻ, സുനിത സന്തോഷ് ടീം എന്നിവരുടെ നൃത്തങ്ങളും ആഘോഷങ്ങളെ വേറിട്ടതാക്കി.
സ്മിത ജോസഫും ടീമും അവതരിപ്പിച്ച തിരുവാതിര കളി ശ്രദ്ധേയമായി. താലപ്പൊലിയേന്തി മലയാളിമങ്കമാർ മാവേലിമന്നനെ വേദിയിലേക്ക് വരവേറ്റു. ഓണപ്പൂക്കളവും, ചെണ്ടമേളവും ആഘോഷങ്ങക്കു മാറ്റു കൂട്ടി. KHS ന്റെ ചെണ്ട സംഘമാണ് മാവേലിക്കു അകമ്പടി നൽകി വേദിയിലേക്ക് ആനയിച്ചത്.
ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ളയും, അമേരിക്കാ റീജൻ പ്രസിഡണ്ട് ജോൺസൺ തലച്ചെല്ലൂരും ഗ്ലോബൽ, റീജണൽ തലത്തിലുള്ള സംഘടനയുടെ പ്രവർത്തനങ്ങൾ വിവരിച്ചു. ഭവന നിർമ്മാണ പ്രോജെക്ടിലേക്കു സംഭാവന നൽകിയ ഏവർക്കും ജോൺസൺ തലച്ചെല്ലൂർ നന്ദി അറിയിച്ചു.
കേരളത്തനിമയില്‍ തൂശനിലയിൽ വിളമ്പിയ വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് ആഘോഷങ്ങള്‍ക്ക് പരിസമാപ്തിയായത്. അരുൺ മാധവൻ മഹാബലിയായി വേഷമണിഞ്ഞു. സജി ജോസഫ് മാത്യു (സിജോ) നന്ദി പ്രകാശനം നടത്തി. സ്മിത ജോസഫ്, മനു തോമസ് എന്നിവർ പരിപാടിയുടെ എംസിമാരായിരുന്നു.
റിപ്പോർട്ട്: ജോസഫ് മാർട്ടിൻ