
ദാവോസ്: സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറം (ഡബ്ല്യു.ഇ.എഫ്) വാര്‍ഷിക യോഗത്തില്‍ ബഹ്റൈന്‍ പ്രതിനിധി സംഘത്തിന്റെ സാന്നിധ്യം ശ്രദ്ധേയമായി.
ഈസ ബിന്‍ സല്മാന് എജുക്കേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനും ലേബര്‍ ഫണ്ട് (തംകീന്‍) ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ ഷെയ്ഖ് ഈസ ബിന്‍ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ നേതൃത്വത്തിലാണ് ബഹ്റൈന്‍ പ്രതിനിധി സംഘം യോഗത്തില്‍ പങ്കെടുത്തത്. ഉഭയകക്ഷി യോഗങ്ങള്‍, വട്ടമേശ ചര്‍ച്ചകള്‍, ഉന്നതതല സ്ട്രാറ്റജി സെഷനുകള്‍ എന്നിവയില്‍ ശൈഖ് ഈസ ബിന്‍ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫയും പ്രതിനിധി സംഘവും പങ്കെടുത്ത് ബഹ്റൈന്റെ സാമ്പത്തിക വൈവിധ്യവല്‍ക്കരണം, സുസ്ഥിരത, നവീകരണം എന്നിവയിലെ പുരോഗതി ഉയര്‍ത്തിക്കാട്ടി.
സൗദി അറേബ്യ, യു.എ.ഇ, ഒമാന്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന രാജ്യങ്ങളുടെ പവലിയനുകള്‍ സന്ദര്‍ശിച്ച് ഉഭയകക്ഷി ബന്ധവും സഹകരണവും വര്‍ദ്ധിപ്പിച്ചു. ബഹ്റൈനില്‍ സ്കില്‍സ് ആന്റ് ജെന്‍ഡര്‍ പാരിറ്റി ആക്സിലറേറ്റര്‍ ആരംഭിക്കാന്‍ ലേബര്‍ ഫണ്ടും (തംകീന്‍) ഡബ്ല്യു.ഇ.എഫും തമ്മില്‍ കരാര്‍ ഒപ്പിട്ടത് ഫോറത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായി.
ബഹ്റൈന്‍ പ്രതിനിധി സംഘത്തില്‍ ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രിയും ബഹ്റൈന്‍ മുംതലക്കത്ത് ഹോള്‍ഡിംഗ് കമ്പനിയുടെ (മുംതലക്കത്ത്) ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ ഷെയ്ഖ് സല്മാന് ബിന്‍ ഖലീഫ അല്‍ ഖലീഫ, സുസ്ഥിര വികസന മന്ത്രിയും ബഹ്റൈന്‍ സാമ്പത്തിക വികസന ബോര്‍ഡ് (ബഹ്റൈന്‍ ഇ.ഡി.ബി) ചീഫ് എക്സിക്യൂട്ടീവുമായ നൂര്‍ ബിന്ത് അലി അല്‍ഖുലൈഫ്, വ്യവസായ- വാണിജ്യ മന്ത്രി അബ്ദുല്ല ബിന്‍ ആദില്‍ ഫഖ്റു, കിരീടാവകാശിയുടെ കോടതി പ്രസിഡന്റ് ഷെയ്ഖ് സല്മാന് ബിന്‍ അഹമ്മദ് ബിന്‍ സല്മാന് അല്‍ ഖലീഫ, മുംതലക്കത്ത് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഖലീഫ അല്‍ ഖലീഫ, പ്രധാനമന്ത്രിയുടെ ഓഫീസ് ഡയറക്ടര്‍ ജനറല്‍ ഹമദ് അല്‍ മഹ്മൂദ്, ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന് അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സാറാ ബുഹേജി, ബഹ്റൈന്‍ ഇ.ഡി.ബിയിലെ ബോര്‍ഡ് ഉപദേഷ്ടാവ് ഇയാന്‍ ലിന്‍ഡ്സെ എന്നിവരും രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.
