
മനാമ: ഭീകരവാദ ധനസഹായത്തിനും കള്ളപ്പണം വെളുപ്പിക്കലിനുമെതിരായ പോരാട്ട കമ്മിറ്റി സാമ്പത്തിക ഉപരോധങ്ങള്‍ നടപ്പിലാക്കുന്നതില്‍ പൊതു- സ്വകാര്യ പങ്കാളിത്തത്തെക്കുറിച്ച് ശില്പശാല നടത്തി.
മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് (മെനാഫാറ്റ്ഫ്) ആണ് പരിപാടി സംഘടിപ്പിച്ചത്. ബഹ്റൈന്‍ പബ്ലിക് സെക്യൂരിറ്റി ഉപമേധാവിയും തീവ്രവാദം, തീവ്രവാദ ധനസഹായം, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയെ ചെറുക്കുന്നതിനുള്ള കമ്മിറ്റി സെക്രട്ടറിയുമായ കേണല്‍ മുഹമ്മദ് അബ്ദുല്ല അല്‍ ഹറം പരിപാടിയില്‍ പങ്കെടുത്തു.
ഭീകരവാദത്തിനുള്ള ധനസഹായം തടയല്‍, അപകടസാധ്യതകള്‍ മനസിലാക്കാനും തിരിച്ചറിയാനും വിലയിരുത്താനുമുള്ള സംവിധാനങ്ങള്‍, ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങളും ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് ശുപാര്‍ശകളും ഉള്‍പ്പെടെ ഭീകരവാദ ധനസഹായവും വ്യാപനവും തടയുന്നതിനുള്ള ശ്രമങ്ങളെ നിയന്ത്രിക്കുന്ന അന്താരാഷ്ട്ര നിയമ ചട്ടക്കൂടിന്റെ വശങ്ങള് എന്നിവയെക്കുറിച്ച് അംഗരാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരുടെ ഒരു സംഘം സമഗ്രമായ അവതരണങ്ങള്‍ നടത്തി.
പ്രവര്‍ത്തനപരവും മേല്‍നോട്ടപരവുമായ വെല്ലുവിളികളും അവ പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങളും അവലോകനം ചെയ്യാനും ഭീകരവാദത്തിനെതിരെയുള്ള സാമ്പത്തിക ഉപരോധങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നത് ഉറപ്പാക്കാനും കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ധനസഹായം എന്നിവ ചെറുക്കാനുള്ള ദേശീയ ശ്രമങ്ങളെ പിന്തുണയ്ക്കാനുമുള്ള സംവിധാനങ്ങളും ദേശീയ ഏകോപനവും മെച്ചപ്പെടുത്താനുള്ള സംവിധാനങ്ങളും ശില്പശാല ചര്‍ച്ച ചെയ്തു.


 
