ബീജിംഗ്: സഹപ്രവത്തക പ്രസവാവധി എടുക്കുന്നത് തടയാൻ യുവതി വിഷം കൊടുത്തതായി പരാതി. ചൈനയിലെ ഹുബൈയിലുളള ഒരു സർക്കാർ അഫിലിയേറ്റഡ് സ്ഥാപനത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ഗർഭിണിയായ യുവതിയുടെ വെളളത്തിൽ പ്രതി വിഷം കലർത്തുന്ന രംഗങ്ങളടങ്ങിയ വീഡിയോയാണ് ഇപ്പോൾ ചൈനയിലെ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. കഴിഞ്ഞ മാസം 18നായിരുന്നു സംഭവം.വീഡിയോയിൽ കറുത്ത വസ്ത്രം ധരിച്ച യുവതി ഗർഭിണിയായ സഹപ്രവർത്തകയുടെ ഓഫീസ് മുറിയിലേക്ക് ഒളിച്ച് വരുന്നത് കാണാം.
ശേഷം മേശയിലിരുന്ന ഒരു കുപ്പി തുറന്ന് വെളുത്ത നിറത്തിലുളള ഒരു പൊടി കലർത്തുന്നുണ്ട്. കൃത്യം ചെയ്തതിന് ശേഷം യുവതി പെട്ടെന്ന് തിരകെ പോകുന്നതും വീഡിയോയിൽ വ്യക്തമാണ്. തുടർന്ന് ഗർഭിണിയായ യുവതി മുറിയിലെത്തി കുപ്പിയിലുളള വെളളം കുടിച്ചപ്പോൾ രുചി വ്യത്യാസം അനുഭവപ്പെട്ടിരുന്നു. അപ്പോൾ യുവതി വിചാരിച്ചത് സ്ഥാപനത്തിലെ വെളളത്തിന്റെ പ്രശ്നമാണെന്നാണ്. ശേഷം സ്ഥാപനത്തിലെ തന്നെ ചൂടാക്കിയ വെളളം കുടിച്ചു. അപ്പോഴും യുവതിക്ക് രുചിയിൽ വ്യത്യാസം തോന്നിയിരുന്നു.സംശയം തോന്നിയ യുവതി വിവരം മറ്റുളള സഹപ്രവർത്തകരോട് വിവരം പറഞ്ഞിരുന്നു. എന്നാൽ സഹപ്രവർത്തകർ യുവതി പറഞ്ഞത് തമാശയായിട്ടാണ് എടുത്തത്, തുടർന്ന് യുവതി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സത്യം പുറത്തുവന്നത്,സംഭവത്തിൽ അന്വേഷണ ഏജൻസിയുടെ പുറത്തുവന്ന റിപ്പോർട്ട് അനുസരിച്ച് യുവതി മിയാമോ ഓട്ടോണമസ് പ്രിഫെക്ച്ചർ എന്ന സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. ഈ സ്ഥാപനത്തിലേക്ക് തൊഴിലാളികളെ തിരഞ്ഞെടുക്കുന്നത് പല ഘട്ടങ്ങളായാണ്. പ്രവേശന പരീക്ഷയിലും അഭിമുഖത്തിലും മികച്ച പ്രകടനങ്ങൾ കാഴ്ചവച്ച് ഉദ്യോഗാർത്ഥികൾക്ക് മാത്രമാണ് ജോലി ലഭിക്കുക. ഗർഭിണിയായ യുവതി പ്രസവാവധിയിൽ പ്രവേശിക്കുമ്പോൾ സ്ഥാപനത്തിലെ ജോലി സമ്മർദ്ദം കൂടുമെന്ന ഭയത്തിലാണ് വെളളത്തിൽ വിഷം കലർത്തിയതെന്ന് പ്രതി മൊഴി നൽകിയതായും റിപ്പോർട്ടിൽ പറയുന്നു.