
മനാമ: ബഹ്റൈനില്‍ വര്‍ക്ക് പെര്‍മിറ്റ് ദുരുപയോഗപ്പെടുത്തിയ കേസില്‍ മൂന്നു വിദേശികള്‍ക്ക് മൈനര്‍ ക്രിമിനല്‍ കോടതി മൂന്നു മാസം തടവുശിക്ഷ വിധിച്ചു.
ശിക്ഷ പൂര്‍ത്തിയായ ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു. മൂന്നു പേരും ഏഷ്യക്കാരാണ്. ഒളിവില്‍ പോയ രണ്ടു പേര് ഉള്‍പ്പെടെ കേസില്‍ മൊത്തം അഞ്ചു പ്രതികളാണുള്ളത്. അഞ്ചു പേര്‍ക്കുംകൂടി കോടതി 1,38,000 ദിനാര്‍ പിഴയും വിധിച്ചു.
ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്.എ) നടത്തിയ പരിശോധനയിലാണ് കുറ്റകൃത്യം കണ്ടെത്തിയത്. 50 വ്യാജ സ്ഥാപനങ്ങളുടെ വിലാസം ഉപയോഗിച്ച് ഇവര്‍ 138 വര്‍ക്ക് പെര്‍മിറ്റുകള്‍ സംഘടിപ്പിച്ചതായാണ് ആദ്യം കണ്ടെത്തിയത്. ഇത് തൊഴിലാളികള്‍ക്കൊന്നും നല്‍കാതെ കൈവശം വെക്കുകയായിരുന്നു. ഇത് കണ്ടെത്തിയതിനെ തുടര്‍ന്ന് എല്‍.എം.ആര്.എ. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് എവിഡന്‍സ് ഡയറക്ടറേറ്റിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
പബ്ലിക് പ്രോസിക്യൂഷന് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ വേറെ രണ്ടു കമ്പനികള്‍ കൂടി വ്യാജമായി രജിസ്റ്റര്‍ ചെയ്തതായും കണ്ടെത്തിയിരുന്നു.


