
മനാമ: ബഹ്റൈനില്‍ വിദേശ തൊഴിലാളികള്‍ക്ക് കാലാവധി കഴിഞ്ഞ വര്‍ക്ക് പെര്‍മിറ്റ് പുതുക്കാന്‍ ഒരു മാസംകൂടി അധികസമയം അനുവദിക്കാനുള്ള നിയമ ഭേദഗതി നിര്‍ദേശം ശൂറ കൗണ്‍സില്‍ ഞായറാഴ്ച ചര്‍ച്ച ചെയ്യും.
2006ലെ തൊഴില്‍ വിപണി നിയമത്തിലെ 26ാം വകുപ്പ് ഭേദഗതി ചെയ്ത് ഇളവ് നടപ്പാക്കാനുള്ള നിര്‍ദേശം ശൂറ കൗണ്‍സിലിന്റെ സര്‍വീസസ് കമ്മിറ്റി തള്ളിയിട്ടുണ്ട്. ഈ ഭേദഗതി അനാവശ്യമാണെന്നാണ് ഡോ. ജമീല അല്‍ സല്മാന് അദ്ധ്യക്ഷയായ സര്‍വീസസ് കമ്മിറ്റിയുടെ നിലപാട്.
തൊഴില്‍ മന്ത്രാലയവും ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയും (എല്‍.എം.ആര്.എ) ഭേദഗതിയെ എതിര്‍ക്കുന്നുണ്ട്. വര്‍ക്ക് പെര്‍മിറ്റ് പുതുക്കാന്‍ 30 ദിവസംകൂടി അനുവദിക്കുന്നത് പരിശോധനാ നടപടികള്‍ക്ക് തടസ്സങ്ങള്‍ സൃഷ്ടിക്കുമെന്നും നിയമാനുസൃതമുള്ളവരും അല്ലാത്തവരുമായ തൊഴിലാളികള്‍ക്കിടയില്‍ നീതീകരിക്കാനാവാത്ത പൊരുത്തക്കേടുകള്‍ സൃഷ്ടിക്കുമെന്നുമാണ്അവരുടെ നിലപാട്.


