ആലപ്പുഴ: കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റില്ലെന്ന് പ്രകാശ് ജാവദേക്കർ. അദ്ദേഹം ശക്തനായ പോരാളിയാണെന്നും ഇതേ നേതൃത്വം ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു. കെ സുരേന്ദ്രനെ മാറ്റുമെന്നും ബിജെപിയിൽ എന്തൊക്കെയോ സംഭവിക്കുമെന്നും പറയുന്നത് വ്യാജ പ്രചാരണമാണ്. മാധ്യമങ്ങളിലൂടെ വരുന്ന ഇത്തരം പ്രചാരണത്തിന് പിന്നിൽ എൽ.ഡി.എഫും യു.ഡി.എഫുമാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം സുരേന്ദ്രനെ മാറ്റുമെന്ന അഭ്യൂഹങ്ങൾക്ക് പിന്നിൽ പാർട്ടിയിലുള്ളവരുമുണ്ടെന്ന സൂചനയും ജാവദേക്കർ നൽകി. ‘ചിലർ വ്യാജ വാർത്തകൾ സൃഷ്ടിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നു. അതിന് പിന്നിലുള്ളവരെ കണ്ടെത്തും. സംസ്ഥാന നേതൃത്വം നല്ല പ്രവർത്തനമാണ് നടത്തുന്നത്. ആരെയും മാറ്റാനുദ്ദേശിക്കുന്നില്ല. സംഘടനയെ വികസിപ്പിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും ജാവദേക്കർ പറഞ്ഞു.
കഴിഞ്ഞ മാസം 31നാണ് സുരേന്ദ്രന്റെ കാലാവധി അവസാനിച്ചത്. ഇതിനിടെ അദ്ദേഹത്തെ സംസ്ഥാന നേതൃസ്ഥാനത്ത് നിന്ന് മാറ്റുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കർ ഇത് പരസ്യമായി തള്ളിക്കളഞ്ഞു. ആലപ്പുഴയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ പ്രഭാരിയാണെന്നും സംസ്ഥാന നേതൃത്വത്തെ മാറ്റില്ലെന്ന് ഔദ്യോഗികമായി പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.