
മനാമ: ബഹ്റൈനില്‍ വനിതാ സ്പോര്‍ട്സ് കമ്മിറ്റി രൂപീകരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് സുപ്രീം കൗണ്‍സില്‍ ഫോര്‍ വിമന്‍ (എസ്.സി.ഡബ്ല്യു) പ്രസിഡന്റും രാജാവിന്റെ പത്നിയുമായ സബീക ബിന്ത് ഇബ്രാഹിം അല്‍ ഖലീഫ രാജകുമാരി സര്‍ക്കുലര്‍ 2025 (8) പുറപ്പെടുവിച്ചു.
എസ്.സി.ഡബ്ല്യു. അംഗം ഡോ. ശൈഖ ഹെസ്സ ബിന്ത് ഖാലിദ് അല്‍ ഖലീഫയായിരിക്കും കമ്മിറ്റിയുടെ അദ്ധ്യക്ഷ. ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി, സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ്, റാഷിദ് ഇക്വസ്ട്രിയന്‍ ആന്റ് ഹോഴ്സ്റേസിംഗ് ക്ലബ്, ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി, ധനകാര്യ- ദേശീയ സാമ്പത്തിക മന്ത്രാലയം, യുവജനകാര്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, ബഹ്റൈന്‍ പാരാലിമ്പിക് കമ്മിറ്റി, രണ്ട് പരിചയസമ്പന്നരായ കായിക താരങ്ങള്‍ എന്നിവര്‍ കമ്മിറ്റിയിലുണ്ടാകും.
ബഹ്റൈനി സ്ത്രീകളുടെ സ്പോര്‍ട്സിലെ പങ്കാളിത്തം വിലയിരുത്തുക, സ്പോര്‍ട്സ് മേഖലകളിലുടനീളം അവരുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക, തുല്യ അവസരത്തിന്റെയും ലിംഗ സന്തുലിതാവസ്ഥയുടെയും അടിസ്ഥാനത്തില്‍ വനിതാ സ്പോര്‍ട്സിന്റെ വികസനത്തെ പിന്തുണയ്ക്കുന്ന ദേശീയ നയങ്ങളിലും സംരംഭങ്ങളിലും സ്ത്രീകളുടെ ആവശ്യങ്ങള്‍ സംയോജിപ്പിക്കാനുള്ള തുടര്‍നടപടികള്‍ എന്നിവയാണ് കമ്മിറ്റി ലക്ഷ്യമിടുന്നത്.
കമ്മിറ്റിയുടെ അംഗത്വ കാലാവധി രണ്ട് വര്‍ഷമായിരിക്കും. ഇത് വേണമെങ്കില്‍ പുതുക്കാവുന്നതാണ്. സുപ്രീം കൗണ്‍സില്‍ ഫോര്‍ വിമനിന്റെ സെക്രട്ടറി ജനറല്‍ കമ്മിറ്റി അംഗങ്ങളെ നിയമിക്കുന്നതിനും അതിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനുമുള്ള തീരുമാനം പുറപ്പെടുവിക്കും.
