
മനാമ: അല്‍ നൂര്‍ ചാരിറ്റി വെല്‍ഫെയര്‍ സൊസൈറ്റി ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫ രാജകുമാരന് ഖുര്‍ആന്‍ അവാര്‍ഡിന്റെ അഞ്ചാമത് പതിപ്പിന്റെ വനിതാ വിഭാഗത്തിന്റെ മത്സരം സമാപിച്ചു.
അല്‍ നൂര്‍ ചാരിറ്റി വെല്‍ഫെയര്‍ സൊസൈറ്റിയുടെ ഓണററി പ്രസിഡന്റ് ശൈഖ ലുല്‍വ ബിന്ത് ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫ സമാപന ചടങ്ങില്‍ പങ്കെടുത്തു. അല്‍ നൂര്‍ ചാരിറ്റി വെല്‍ഫെയര്‍ സൊസൈറ്റിയുടെ പ്രസിഡന്റും അവാര്‍ഡിനായുള്ള സ്ഥിരം കമ്മിറ്റി ചെയര്‍പേഴ്സണുമായ ഷെയ്ഖ ലാമിയ ബിന്ത് മുഹമ്മദ് ബിന്‍ ഖലീഫ അല്‍ ഖലീഫ, അന്തരിച്ച ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫ രാജകുമാരന്റെ സ്മരണാര്‍ത്ഥം അവാര്‍ഡ് ഏര്‍പ്പെടുത്തുന്നതിലും പിന്തുണയ്ക്കുന്നതിലും മുന്‍കൈയെടുത്തതിന് ഷെയ്ഖ ലുല്‍വ ബിന്ത് ഖലീഫയെ പ്രസംഗത്തില്‍ അഭിനന്ദിച്ചു.
പങ്കാളിത്തത്തിന്റെയും സമ്മാന മൂല്യത്തിന്റെയും കാര്യത്തില്‍ മുന്‍നിര ഖുര്‍ആന്‍ മത്സരങ്ങളിലൊന്നായതിനാല്‍ അവാര്‍ഡിന്റെ പ്രാധാന്യം ശൈഖ ലാമിയ ബിന്ത് മുഹമ്മദ് എടുത്തുപറഞ്ഞു. മത്സരത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതി പ്രതിഫലിപ്പിക്കുന്ന തരത്തില്‍ ഈ പതിപ്പില്‍ 1,000ത്തിലധികം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. നീതി, ഇസ്ലാമിക കാര്യ, എന്‍ഡോവ്മെന്റ് മന്ത്രാലയത്തിന് ശൈഖ ലാമിയ ബിന്ത് മുഹമ്മദ് നന്ദി പറഞ്ഞു.
വിജയികളായ വനിതകള്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിച്ചു. ഈ വര്‍ഷം ഉമ്മുല്‍ ദര്ദയിലെ സുഘ്റ വനിതാ ഖുര്‍ആന്‍ മെമ്മറൈസേഷന്‍ സെന്ററിന്റെ പ്രസിഡന്റ് സൗസാന്‍ ഈസ അല്‍ തവാദിക്ക് നല്കിയ ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫ രാജകുമാരന്റെ പേരിലുള്ള ഖുര്‍ആന്‍ പേഴ്സണാലിറ്റി അവാര്‍ഡിനെക്കുറിച്ചുള്ള വീഡിയോ അവതരണവും നടന്നു.
