പത്തനംതിട്ട: കലഞ്ഞൂരില്‍ വീടിനുള്ളില്‍ യുവതി ആത്മഹത്യചെയ്ത സംഭവത്തിന് പിന്നില്‍ സമൂഹമാധ്യമം വഴിയുള്ള സാമ്പത്തികത്തട്ടിപ്പ്. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നെയ്യാറ്റിന്‍കര ഊരൂട്ട്കാല രോഹിണി നിവാസില്‍ എം.എസ്. ശ്രീജിത്ത്(28)നെ കൂടല്‍ പോലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ നവംബര്‍ ആറിനാണ് കലഞ്ഞൂര്‍ സ്വദേശിനിയായ ലക്ഷ്മി അശോക്(23)നെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.
തുടര്‍ന്ന് യുവതിയുടെ മൊബൈല്‍ ഫോണില്‍നിന്ന് ലഭിച്ച ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്ക് എത്തിച്ചേര്‍ന്നതെന്ന് കൂടല്‍ സി.ഐ. ജി.പുഷ്പകുമാര്‍ പറഞ്ഞു. നാല് മാസം മുന്‍പാണ് യുവതി ശ്രീജിത്തിന്റെ മിഥുന്‍കൃഷ്ണ എന്ന പേരിലുള്ള അക്കൗണ്ടില്‍ സൗഹൃദം സ്ഥാപിച്ചത്. കേരള പോലീസില്‍ സബ്ബ് ഇന്‍സ്പെക്ടര്‍ ട്രെയിനിയാണ് താനെന്നും വീട്ടില്‍ ആരുമില്ലെന്നുമാണ് യുവതിയെ ശ്രീജിത്ത് വിശ്വസിപ്പിച്ചത്. പോലീസ് ട്രെയിനിങ്ങിന്റെ ആവശ്യത്തിലേക്കെന്ന് പറഞ്ഞാണ് വിവിധ സമയങ്ങളിലായി പണം കൈപ്പറ്റിയത്. സമൂഹിമാധ്യമം വഴിമാത്രം പരിചയമുണ്ടായിരുന്ന ഇവര്‍ നേരിട്ട് കണ്ടിട്ടുമില്ലായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ മറ്റൊരാളുടെ പടമായിരുന്നു മുഖചിത്രമായി ഇട്ടിരുന്നതും. ഇത്തരത്തില്‍ രണ്ട് യുവതികളെക്കൂടി ശ്രീജിത്ത് തട്ടിപ്പിനിരയാക്കിയതിന്റെ വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.