വിശാഖപട്ടണം: ആന്ധ്രപ്രദേശിൽ യുവതി പ്രതിശ്രുത വരൻ്റെ കഴുത്തറുത്തു. അനകപ്പള്ളി ജില്ലയിലെ രവികമതം മണ്ഡലത്തിലെ കൊമ്മലപുടി ഗ്രാമത്തിൽ തിങ്കളാഴ്ചയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ രാമനായിഡു എന്ന യുവാവിനെ അനകപ്പള്ളിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹൈദരാബാദിലെ സിഎസ്ഐആറിൽ ശാസ്ത്രജ്ഞനായി ജോലി ചെയ്യുന്ന രാമനായിഡുവും യുവതിയും തമ്മിലുള്ള വിവാഹം മെയ് 26നാണ് നടക്കേണ്ടിയിരുന്നത്. ഗ്രാമം സന്ദർശിക്കണമെന്ന പെൺകുട്ടിയുടെ ക്ഷണം സ്വീകരിച്ച് എത്തിയ യുവാവിനെ പ്രദേശത്തെ ഒരു ക്ഷേത്രത്തിനോട് ചേർന്നുള്ള കുന്നിൽ മുകളിലേക്ക് യുവതി കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. സർപ്രൈസ് തരാൻ താൽപര്യമുണ്ടെന്നും കണ്ണടയ്ക്കണമെന്നും യുവതി രാമനായിഡുവിനോടു പറഞ്ഞു. യുവാവ് കണ്ണടച്ചതോടെ കൈവശം കരുതിയിരുന്ന കത്തി ഉപയോഗിച്ച് രാമനായിഡുവിൻ്റെ കഴുത്തറുക്കുകയായിരുന്നു.
ഒരുമിച്ച് യാത്ര ചെയ്യുന്നതിനിടെ ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റതെന്നായിരുന്നു യുവതി ആദ്യം പറഞ്ഞത്. എന്നാൽ പുഷ്പയാണ് തന്നെ ആക്രമിച്ചതെന്ന് യുവാവ് പൊലീസിന് മൊഴി നൽകി. ഇതോടെ താൻ ചെയ്തതാണെന്ന് യുവതി സമ്മതിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
വിവാഹത്തിന് താത്പര്യമില്ലെന്ന് യുവതി നേരത്തേ തന്നെ കുടുംബത്തെ അറിയിച്ചതാണ്. എന്നാൽ ഇതുവകയ്ക്കാതെയാണ് വീട്ടുകാര്‍ രാമനായിഡുവുമായി പുഷ്പയുടെ വിവാഹം തീരുമാനിച്ചത്. ബന്ധുക്കളുടെ സമ്മര്‍ദ്ദത്തിൽ ഒടുവിൽ പുഷ്പ വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. യുവതിയുടെ പെട്ടന്നുള്ള നടപടി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.
