പാലക്കാട്: മുക്കുപണ്ടം പണയംവെച്ച ദമ്പതികള്‍ പിടിയില്‍. 10 പവന്റേതെന്ന പേരില്‍ സ്വര്‍ണംപൂശിയ കയറുപിരി മാലയാണ് ദമ്പതികള്‍ പതിവായി പണയം വെച്ചിരുന്നത്. പലതവണ പണയം പുതുക്കി ലക്ഷങ്ങളാണ് ഇരുവരും ചേര്‍ന്ന് തട്ടിയെടുത്തത്. കരിമ്പുഴ കുന്നത്ത് പുത്തന്‍പുര സജിത്തിന്റെ ഭാര്യ രജിത(39)യെയാണ് ചെര്‍പ്പുളശ്ശേരി പോലീസ് ഇപ്പോള്‍ അറസ്റ്റ് ചെയ്തത്. ചെര്‍പ്പുളശ്ശേരിയിലെ ചെമ്മണ്ണൂര്‍ ക്രെഡിറ്റ്സ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ്സ് എന്ന സ്ഥാപനത്തിന്റെ പരാതിയിലാണ് നടപടി. ഇവിടെ 80 ഗ്രാം തൂക്കമുള്ള കയറുപിരിമാലയാണ് രജിതയും ഭര്‍ത്താവ് സജിത്തും ചേര്‍ന്ന് പണയംവെച്ചത്. പലതവണ പുതുക്കിയതുവഴി നിലവില്‍ അതിന്റെ ബാധ്യത 3.14 ലക്ഷത്തോളം രൂപയായി. പണയം തിരിച്ചെടുക്കാന്‍ ആളെത്താതായതോടെ അന്വേഷണമായി. തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ട് ബന്ധപ്പെട്ടെങ്കിലും ആരും വന്നില്ല.
സൂക്ഷ്മ പരിശോധനയില്‍ പണയംവെച്ച കയറുപിരി മാല മുക്കുപണ്ടമാണെന്ന് തെളിഞ്ഞു. അതോടെ സ്ഥാപനം ചെര്‍പ്പുളശ്ശേരി പോലീസില്‍ പരാതി നല്കി. വിലാസം പരിശോധിച്ചപ്പോള്‍ തന്നെ പോലീസിന് തട്ടിപ്പു ദമ്പതികളെ പിടികിട്ടി. കാരണം ചെര്‍പ്പുളശ്ശേരി പോലീസ് സ്റ്റേഷന് പരിധിയില്‍ തന്നെ ഇത് മൂന്നാമത്തെ കേസാണ്. അന്വേഷിച്ചിറങ്ങിയ പോലീസിന് തിരുവാഴിയോട് വെച്ച് രജിതയെ പിടികൂടാനായി. ഇതിനിടെ സജിത്ത് ഒളിവില്‍ പോയി. ഒറ്റപ്പാലം, മണ്ണാര്‍ക്കാട്, പുതുനഗരം, പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനുകളിലായാണ് ഇവര്‍ക്ക് സമാനമായ 17 കേസുള്ളത്. ഓരോകേസിലും അറസ്റ്റ് വരിച്ച് ജാമ്യത്തിലിറങ്ങി വീണ്ടും തട്ടിപ്പിനിറങ്ങുന്നതാണ് രീതിയെന്ന് പോലീസ് പറഞ്ഞു. എല്ലായിടത്തും പത്തുപവന്റെ കയറുപിരിമാലയാണ് പണയം വെയ്ക്കാനെത്തിച്ചിരുന്നത്.