തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയുടെ ജനപ്രീതി കണ്ട് ഹാലിളകിയ ബി.ജെ.പി സർക്കാർ പദയാത്രയെ അട്ടിമറിക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമായാണ് സുരക്ഷ പിന്‍വലിച്ചതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. രാഹുൽ ഗാന്ധിക്കും ഭാരത് ജോഡോ യാത്രയ്ക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജനുവരി 28ന് വൈകിട്ട് നാലിന് സംസ്ഥാനത്തുടനീളം മണ്ഡല തലത്തിൽ പൊതുയോഗവും സർവമത പ്രാർത്ഥനയും സംഘടിപ്പിക്കും.
രാഹുൽ ഗാന്ധിയുടെ ജീവൻ വെച്ച് ബിജെപിയും കേന്ദ്ര സർക്കാരും രാഷ്ട്രീയം കളിക്കുകയാണ്. കശ്മീർ താഴ്വര അതീവ സുരക്ഷ ആവശ്യമുള്ള മേഖലയാണ്. ഒരു മുന്നറിയിപ്പുമില്ലാതെയാണ് ജോഡോ യാത്രയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ പിന്‍വലിച്ചത്. ഇതിന് പിന്നിൽ കേന്ദ്രസർക്കാർ ഇടപെടലുണ്ടായിയെന്നതിൽ സംശയമില്ല.
മതിയായ സുരക്ഷ ഒരുക്കണമെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടതാണ്. സുരക്ഷ പിൻവലിക്കാനുള്ള കാരണം പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാജ്യത്തെ ജനങ്ങളോട് തുറന്ന് പറയണം. ദുരൂഹമായ സംഭവം രാജ്യത്തെ ഞെട്ടിച്ചുവെന്നും സുധാകരൻ പറഞ്ഞു.