തിരുവനന്തപുരം : സാധാരണക്കാർ യാത്രയ്ക്കായി ആശ്രയിക്കുന്നത് ബസുകളാണ് എന്നിരിക്കെ കൊവിഡ് പ്രതിസന്ധിയിൽ ജനങ്ങൾ വളരെ ദുരിതമനുഭവിക്കുന്ന കാലഘട്ടത്തിൽ ബസ് ചാർജ് വർദ്ധിപ്പിക്കാനുളള നീക്കത്തിൽ നിന്നു സംസ്ഥാന സർക്കാർ പിന്തിരിയണമെന്ന് ആർ എസ് പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് ആവശ്യപ്പെട്ടു.
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കുടുംബ ജീവിതത്തെ ബാധിച്ചിട്ട് ഏറെ നാളുകളായി. കട ബാദ്ധ്യത മൂലം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം പെരുകുകയാണ്. പ്രവാസികൾ തൊഴിൽ നഷ്ടപ്പെട്ട് കേരളത്തിൽ എത്തിയിട്ട് അതിനു പരിഹാരം കാണാൻ സർക്കാർ ശ്രമിക്കുന്നില്ല. ഇതിനിടയിൽ ബസ് ചാർജും വൈദ്യുതി ചാർജും വർദ്ധിപ്പിക്കാനുളള സർക്കാർ നടപടി വലിയ സാമൂഹികാഘാതത്തിന് വഴിവെക്കും. സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്ന് തന്നെ വിവാദങ്ങൾ സൃഷ്ടിച്ച് ജനവികാരം വഴി തിരിച്ചു വിടുക എന്ന പുത്തൻരീതി ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്നും എ.എ.അസീസ് പറഞ്ഞു.
