ബംഗളൂരു: കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോൾ ദക്ഷിണേന്ത്യയിൽ താമര വാടുകയാണ്. വോട്ടെണ്ണൽ ഫലം പുറത്തുവരുമ്പോൾ ഭരിച്ചുകൊണ്ടിരുന്ന കർണാടകയും ബി ജെ പിയ്ക്ക് നഷ്ടമായി. 65 സീറ്റുകളിൽ ബി ജെ പിയെ ഒതുക്കി 134 സീറ്റുകളാണ് കോൺഗ്രസ് ഇതുവരെ സ്വന്തമാക്കിയത്. ഇതോടെ നിലവിൽ പുതുച്ചേരിയിൽ മാത്രമാണ് ബി ജെ പിയുടെ സാന്നിദ്ധ്യമുള്ളത്. അതും സഖ്യകക്ഷിയായി മാത്രം.അഞ്ച് സംസ്ഥാനങ്ങളും ഒരു കേന്ദ്ര ഭരണ പ്രദേശവും ചേർന്ന ദക്ഷിണേന്ത്യയിൽ കർണാടകയിൽ മാത്രമായിരുന്നു ബി ജെ പി ഭരണത്തിലുണ്ടായിരുന്നത്. 2004ലാണ് ബി ജെ പി കർണാടകയിൽ ഭരണത്തിലെത്തിയത്. ഇത്തവണ ഭരണം നിലനിർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് എത്തിയിട്ട് പോലും കനത്ത തിരിച്ചടിയാണ് ബി ജെ പി നേരിടുന്നത്. വടക്ക്-കിഴക്കൻ സംസ്ഥാനങ്ങൾ പിടിച്ചടക്കിയതുപോലെ ദക്ഷിണേന്ത്യയും നോട്ടമിട്ടെങ്കിലും സമയമായിട്ടില്ല എന്ന സന്ദേശമാണ് ജനങ്ങൾ നൽകുന്നത്.ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലായി 129 ലോക്സഭാ സീറ്റുകൾ ഉള്ളതിൽ 29 എണ്ണത്തിൽ മാത്രമായിരുന്നു ബി ജെ പിയ്ക്ക് മേൽക്കോയ്മ ഉണ്ടായിരുന്നത്. അതിൽ കൂടുതലും കർണാടകയിലായിരുന്നു. എന്നാൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതോടെ ബി ജെ പിയെ കർണാടകയിൽ നിന്ന് കോൺഗ്രസ് തുടച്ചുനീക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇതോടെ 2024 ലോക്സഭാ തിരഞ്ഞടുപ്പിൽ ദക്ഷിണേന്ത്യയിൽ ബി ജെ പിയ്ക്ക് ശ്രമങ്ങൾ കുറച്ചുകൂടി കടുപ്പിക്കേണ്ടതായി വരും.ബജ്രംഗ്ദൾ നിരോധിക്കുമെന്ന കോൺഗ്രസിന്റെ പ്രകടന പത്രികയിലെ വാഗ്ദ്ധാനവും മല്ലികാർജുൻ ഖാർഗെയുടെ വിഷപ്പാമ്പ് പരാമർശവുമൊക്കെ ആയുധമാക്കിയിട്ടും കർണാടകയിൽ ബി ജെ പിയ്ക്ക് പിടിച്ചുനിൽക്കാനായില്ല. മോദിപ്രഭാവവും തിരഞ്ഞെടുപ്പിൽ ഏശിയില്ല. കർണാടകയെ രാജ്യത്തെ ഒന്നാം നമ്പർ സംസ്ഥാനമാക്കാനുള്ള തിരഞ്ഞെടുപ്പാണിതെന്നുള്ള മോദിയുടെ വാഗ്ദ്ധാനവും ജനങ്ങൾ തള്ളി. ഇരട്ട എഞ്ചിൻ സർക്കാർ എന്ന ബി ജെ പിയുടെ അവകാശവാദത്തിനും ജനങ്ങൾക്കിടയിൽ ഓളമുണ്ടാക്കാനായില്ല.ദക്ഷിണേന്ത്യയെ കാവി പുതപ്പിക്കാൻ ബി ജെ പി കഠിനശ്രമങ്ങൾ നടത്തുമ്പോഴും പ്രതിപക്ഷ പാർട്ടികൾ ശക്തമായ പ്രതിരോധം തീർക്കുന്നുണ്ട്. വർഗീയതയെ പൂർണമായും തള്ളുകയാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ. മോദിയുടെ നേതൃത്വത്തിൽ മൂന്നാം എൻ ഡി എ സർക്കാർ ഭരണത്തിലേറാനുള്ള ശ്രമങ്ങൾക്ക് വിലങ്ങുതടിയായി നിൽക്കുകയാണ് ഇന്ത്യയുടെ തെക്കേ അറ്റത്തെ സംസ്ഥാനങ്ങൾ. ഇനി 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കാണാമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറയുമ്പോഴും ബി ജെ പി കുറച്ചുകൂടുതൽ വിയർക്കേണ്ടി വരുമെന്നാണ് കർണാടക തിരഞ്ഞെടുപ്പ് ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
Trending
- ‘മധ്യസ്ഥത എന്ന പേരിൽ സാമുവൽ ജെറോം പണം കവർന്നു, ചതി നിർത്തിയില്ലെങ്കിൽ സത്യം തെളിയിക്കും’; തലാലിന്റെ സഹോദരൻ
- പഹല്‍ഗാം ആക്രമണം നടത്തിയ ഭീകരരെ പിടിച്ചിട്ടുമില്ല, വധിച്ചിട്ടുമില്ല,ഓപ്പറേഷൻ സിന്ദൂറിലെ അവ്യക്തത നീക്കിയേ മതിയാവൂ: മല്ലികാര്‍ജുന്‍ ഖര്‍ഗെ
- നിമിഷ പ്രിയയുടെ മോചനം; കാന്തപുരത്തെ സന്ദർശിച്ച് ചാണ്ടി ഉമ്മൻ
- 189 പേർ കൊല്ലപ്പെട്ട മുംബൈ ട്രെയിൻ സ്ഫോടനക്കേസ്; ശിക്ഷാവിധി റദ്ദാക്കി, 12 പ്രതികളെയും വെറുതെ വിട്ട് ബോംബൈ ഹൈക്കോടതി
- സി സദാനന്ദൻ രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്തു, സത്യവാചകം ചൊല്ലിയത് മലയാളത്തിൽ
- പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിനം ബഹളമയം, ലോക്സഭ 12 മണി വരെ നിര്‍ത്തിവെച്ചു
- ഐ.വൈ.സി.സി നോർക്ക റൂട്ട്സ് ക്ലാസ്സ് സംഘടിപ്പിച്ചു.
- വിതുരയിൽ ആംബുലൻസ് തടഞ്ഞ് രോഗി മരിച്ച സംഭവത്തിൽ കേസ്; 10 യൂത്ത് കോൺഗ്രസുകാരെ പ്രതി ചേർത്തു