
മസ്കത്ത്: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഒമാനിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേല്‍പ്പ്. മസ്കത്ത് വിമാനത്താവളത്തില്‍ പ്രതിരോധകാര്യ ഉപപ്രധാന മന്ത്രി സയ്യിദ് ശിഹാബ് ബിന്‍ താരിക് അല്‍ സഈദ് പ്രധാന മന്ത്രിയെയും സംഘത്തെയും സ്വീകരിച്ചു.
ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 70-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്കുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർണായക കൂടിക്കാഴ്ച ഇന്നാണ്. ഉഭയകക്ഷി ബന്ധങ്ങളുടെ മുഴുവന്‍ മേഖലകളും അവലോകനം ചെയ്യുകയും പരസ്പര താത്പ്പര്യമുള്ള പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങളില്‍ കാഴ്ചപ്പാടുകള്‍ കൈമാറുകയും ചെയ്യും. സുല്‍ത്താന്റെ വിരുന്നിലും പ്രധാനമന്ത്രി പങ്കെടുക്കും.
ബിസിനസ് ഫോറത്തില്‍ ഇരു രാജ്യങ്ങളിലെയും ബിസിനസ്സ് നേതാക്കളുമായി പ്രധാനമന്ത്രി സംസാരിക്കുകയും ഒമാനിലെ ഇന്ത്യന്‍ സമൂഹവുമായി സംവദിക്കുകയും ചെയ്യും. ഇന്ത്യ-ഒമാൻ സമഗ്ര സാമ്പത്തിക സഹകരണ കരാർ പ്രഖ്യാപനം ആണ് എല്ലാവരും ഉറ്റു നോക്കുന്നത്. ഒമാനുമായി സ്വതന്ത്ര വ്യാപാര കരാർ പ്രഖ്യാപനം ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ ഇന്നലെ ഇന്ത്യ – ഒമാൻ ബിസിനസ് ഫോറത്തിൽ പറഞ്ഞു. നിരവധി ഉഭയകക്ഷി രേഖകളില്‍ ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി പദത്തില്‍ എത്തിയ ശേഷം ഇത് രണ്ടാം തവണയാണ് നരേന്ദ്ര മോദി ഒമാനിലെത്തുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഏറെ പ്രതീക്ഷയോടെയാണ് പ്രവാസി സമൂഹവും നോക്കിക്കാണുന്നത്.


