
ഉണ്ണി മുകുന്ദന്റെ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമാണ് മാര്‍ക്കോ. മലയാളത്തിലെ ഏറ്റവും വയലന്റ് ചിത്രം എന്ന വിശേഷണത്തോടെ കഴിഞ്ഞ വര്‍ഷാവസാനം തിയറ്ററുകളിലെത്തിയ ചിത്രം മലയാളികള്‍ക്ക് പുറത്ത് മറുഭാഷാ സിനിമാപ്രേമികളുടെയും കൈയടി നേടിയിരുന്നു. ചിത്രത്തിന്റെ സീക്വല്‍ ഉണ്ടാവുമെന്ന് മാര്‍ക്കോ റിലീസിന് പിന്നാലെ ഉണ്ണി മുകുന്ദന് അടക്കമുള്ളവര്‍ പറഞ്ഞിരുന്നു. എന്നാല്‍ മാര്‍ക്കോ ഫ്രാഞ്ചൈസിയില്‍ നിന്ന് താന്‍ പിന്മാറുകയാണെന്ന് അടുത്തിടെ സോഷ്യല്‍ മീഡിയയിലെ ഒരു കമന്റിന് മറുപടിയായി ഉണ്ണി മുകുന്ദന് പറഞ്ഞിരുന്നു. ഇത് മാര്‍ക്കോ ഇഷ്ടപ്പെടുന്നവരില്‍ നിരാശ ഉണ്ടാക്കിയിരുന്നു. ഉണ്ണി മുകുന്ദന് പിന്മാറിയാലും മാര്‍ക്കോയ്ക്ക് തുടര്‍ച്ച ഉണ്ടാകുമോ? ഇപ്പോഴിതാ അക്കാര്യത്തില്‍ ഒരു സൂചന നല്‍കിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സ്.
സോഷ്യല്‍ മീഡിയ കമന്റ് ബോക്സില്‍ ഒരു ചോദ്യത്തിന് മറുപടിയായാണ് ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സില്‍ നിന്ന് പ്രതികരണം എത്തിയത്. “മാര്‍ക്കോ 2 ഇറക്കിവിട് ക്യൂബ്സ് എന്റര്ടെയ്ന്മെന്റ്. പറ്റില്ലെങ്കില്‍ റൈറ്റ്സ് വാങ്ങി വേറെ പ്രൊഡക്ഷന്‍ ടീമിനെ വച്ച് ചെയ്യ്. നല്ല പടം ആണ് മാര്‍ക്കോ. അതിന്റെ രണ്ടാം ഭാഗം ഒക്കെ വന്നാല്‍ ഏറ്റവും കാത്തിരിപ്പ് സൃഷ്ടിക്കുന്ന ഒരു ചിത്രമായി മാറും”, എന്നായിരുന്നു ഒരു മാര്‍ക്കോ ആരാധകന്റെ കമന്റ്. ഇതിന് ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സില്‍ നിന്ന് പ്രതികരണമെത്തി.
അത് ഇങ്ങനെ ആയിരുന്നു- “മാര്‍ക്കോയ്ക്ക് ലഭിക്കുന്ന ഈ വലിയ പ്രതികരണത്തിനും പിന്തുണയ്ക്കും നന്ദി. മാര്‍ക്കോ സിരീസ് സംബന്ധിച്ച ചര്‍ച്ചകള്‍ ഇനിയും അവസാനിച്ചിട്ടില്ല. മാര്‍ക്കോയുടെ എല്ലാ അവകാശങ്ങളും ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സില്‍ നിക്ഷിപ്തമാണ്. മാര്‍ക്കോയുടെ യാത്രയ്ക്ക് വലിയ സാധ്യതകളുണ്ടെന്നും ഞങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നു. ഈ ഫ്രാഞ്ചൈസിയുടെ കൈമാറ്റമോ പങ്കിടലോ ഞങ്ങള്‍ ചെയ്യില്ലെന്നുകൂടി അറിയിക്കട്ടെ”.
ഹനീഫ് അദേനി ആയിരുന്നു മാര്‍ക്കോയുടെ സംവിധായകന്. ക്യൂബ്സ് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് ആണ് ചിത്രം നിര്‍മ്മിച്ചത്. ഉണ്ണി മുകുന്ദനൊപ്പം സിദ്ദിഖ്, അഭിമന്യു ഷമ്മി തിലകന്, ആന്‍സണ്‍ പോള്‍, യുക്തി തരേജ, ദുര്‍വ താക്കര്‍, ഷാജി ചെന്‍, ശ്രീജിത്ത് രവി, ദിനേശ് പ്രഭാകര്‍, രവി ബാബു, അര്ജുന് നന്ദകുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ചിത്രത്തിന് സംഗീതമൊരുക്കിയത് കെജിഎഫ്, സലാർ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ആണ്. ആക്ഷന്‍ വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങൾ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്.
