ആം ആദ്മി പാർട്ടി ബിജെപിയുടെ ബി ടീമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണയ സമിതിയുടെ ചുമതല ലഭിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്തിൽ ഏൽപ്പിച്ച ചുമതലകൾ ഭംഗിയായി നിറവേറ്റും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കപ്പിനും ചുണ്ടിനുമിടയിൽ ഭരണം നഷ്ടപ്പെട്ടു. ഇത്തവണ വർദ്ധിച്ച ഉത്സാഹത്തോടെ പ്രവർത്തിക്കും.
ഡിസംബർ അവസാനത്തോടെ മാത്രമേ തിരഞ്ഞെടുപ്പ് ഉണ്ടാവൂ. ബിജെപിയെ ഗുജറാത്തിൽ തന്നെ തോൽപ്പിക്കാനാണ് എല്ലാ കോൺഗ്രസ് പ്രവർത്തകർ ആഗ്രഹിക്കുന്നത്. അതിന്റെ ഭാഗമാകാൻ സോണിയാ ഗാന്ധി അവസരം നൽകി. ബി.ജെ.പി സർക്കാരിനോടുള്ള ജനങ്ങളുടെ അമർഷം വ്യക്തമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ശുപാർശകൾ പരിശോധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് സമർപ്പിക്കുകയാണ് സ്ഥാനാർത്ഥി നിർണയ സമിതിയുടെ ചുമതല. പി.സി.സിയുമായി കൂടിയാലോചിച്ച് പ്രവർത്തിക്കും. പല സംസ്ഥാനങ്ങളിലും കോൺഗ്രസ് വോട്ടുകൾ ഭിന്നിപ്പിക്കാൻ ആം ആദ്മി പാർട്ടിക്ക് സാധിച്ചു. ഈ പ്രവണതയെ ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ചെറുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. രമേശ് ചെന്നിത്തല, അഡ്വ.ശിവജി റാവു മോഗെ, ജയ് കിഷൻ എന്നിവരാണ് സ്ഥാനാർത്ഥി നിർണയത്തിനുള്ള മൂന്നംഗ സമിതിയിലുള്ളത്. ഗുജറാത്ത്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ സ്ഥാനാർത്ഥികളെ തീരുമാനിക്കാനാണ് പുതിയ സമിതി.