ഏഥൻസ്: ഗ്രീസിൽ കാട്ടുതീ പടർന്നുപിടിക്കുന്നത് അഞ്ചാം ദിവസവും തുടരുന്നു. നൂറുകണക്കിന് വീടുകൾ അഗ്നിക്കിരയായി. പ്രദേശത്ത് നിന്ന് ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. രാജ്യത്തിന്റെ തലസ്ഥാനമായ ഏഥൻസിന്റെ വടക്കൻ നഗരങ്ങളിൽ നിന്നുള്ള നിരവധി വിനോദസഞ്ചാരികളേയും താമസക്കാരേയും ഒഴിപ്പിച്ചിട്ടുണ്ട്. ശക്തമായ കാറ്റും ഉയർന്ന താപനിലയും കാരണം ഇതുവരെ തീ അണയ്ക്കാനായിട്ടില്ല.
ചൊവ്വാഴ്ചയാണ് ഗ്രീസിൽ കാട്ടുതീ പടർന്നു പിടിച്ചത്. അഗ്നിശമന സേന തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. ആയിരക്കണക്കിന് അഗ്നിശമന സേനാംഗങ്ങള്‍ 20 ഓളം വാട്ടര്‍ ബോംബിങ് വിമാനങ്ങള്‍ ഉപയോഗിച്ച് തീ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ്. യുകെ, ഫ്രാൻസ്, യുഎസ്എ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് അധിക അഗ്നിശമന സേനാംഗങ്ങളും വിമാനങ്ങളും ഗ്രീസിലേക്ക് അയച്ചിട്ടുണ്ട്. ഇതിനിടയില്‍ പെയ്ത കനത്ത മഴ കാട്ടുതീ തുര്‍ക്കിയിലേക്ക് വ്യാപിക്കുന്നത് തടഞ്ഞിട്ടുണ്ട്.
യൂറോപ്യൻ ഫോറസ്റ്റ് ഫയർ ഇൻഫർമേഷൻ സിസ്റ്റം അനുസരിച്ച്, കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ 56,655 ഹെക്ടർ ഗ്രീസിൽ കത്തിനശിച്ചു. 2008 നും 2020 നും ഇടയിൽ ഇതേ കാലയളവിൽ ശരാശരി 1,700 ഹെക്ടർ വനഭൂമി നശിപ്പിക്കപ്പെട്ടതായി കണക്കാക്കപ്പെടുന്നു. രാജ്യത്ത് ഉണ്ടായ ഏറ്റവും വലിയ കാട്ടുതീയാണിത്.