വയനാട്: വയനാട്ടിലെ സുൽത്താൻബത്തേരി നഗരസഭയിലെ 10 വാർഡുകളിൽ കാട്ടാനകളുടെ സാന്നിധ്യത്തെ തുടർന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സബ് കളക്ടർ ആർ. ശ്രീലക്ഷ്മിയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. 4, 6, 9, 10, 15, 23, 24, 32, 34, 35 വാർഡുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ ഉച്ച മുതൽ കൃഷിയിടങ്ങളില്‍ ഉണ്ടായിരുന്ന കാട്ടാന ഇന്ന് രാവിലെയാണ് അക്രമാസക്തനായത്.
ഇന്ന് പുലർച്ചെ 2.30 ഓടെ നഗരത്തിലെത്തിയ ആന കാൽനടയാത്രക്കാരനെ ആക്രമിക്കുകയായിരുന്നു. അസംപ്ഷൻ ജംഗ്ഷന് സമീപം നഗരത്തിലൂടെ നടക്കുമ്പോഴാണ് ആന ആക്രമിച്ചത്. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് ഇത് വ്യക്തമാണ്.’വഴിയരികിലൂടെ നടക്കുമ്പോൾ ആന വന്നു. തുമ്പിക്കൈകൊണ്ട് അടിക്കുകയായിരുന്നു. കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട സുബൈർകുട്ടി കൈവരിക്കപ്പുറത്തേക്ക് വീണതിനാലാണ് രക്ഷപ്പെട്ടതെന്നും പറഞ്ഞു. കാലിന് പരിക്കേറ്റ സുബൈർ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
സുബൈറിനെ തുമ്പിക്കൈകൊണ്ട് ഇടിച്ചെങ്കിലും നടപ്പാതയിലെ ഇരുമ്പ് ഗ്രില്ലിനകത്തേക്ക് വീണതിനാൽ കൂടുതൽ ആക്രമണത്തിന് മുതിരാതെ ആന മറുവശത്തേക്ക് ഓടുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. തമിഴ്നാട്ടിൽ പ്രശ്നക്കാരനായ ഐഡി കോളർ ഘടിപ്പിച്ച ആനയാണ് ബത്തേരി ടൗണിലെത്തിയതെന്നാണ് വനംവകുപ്പ് പറയുന്നത്. ഗൂഡല്ലൂരിൽ കാട്ടാന രണ്ട് പേരെ കൊല്ലുകയും അമ്പതോളം വീടുകൾ തകർക്കുകയും ചെയ്തിരുന്നു.