ഇടുക്കി: മൂന്നാർ നെയ്മക്കാട് കെ.എസ്.ആർ.ടി.സി ബസിന് നേരെ വീണ്ടും കാട്ടാനയുടെ ആക്രമണം. ഇന്ന് പുലർച്ചെ 5.30 ഓടെയായിരുന്നു സംഭവം. മൂന്നാറിൽ നിന്ന് ഉദുമൽപേട്ടിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ ചില്ലുകളാണ് കാട്ടാന തകർത്തത്. 10 മിനിറ്റോളം ബസിന് മുന്നിൽ നിന്ന ശേഷമാണ് ആന പിന്മാറിയത്. മുൻ വശത്തെ ഗ്ലാസ് തകർന്നതിനാൽ മേലുദ്യോഗസ്ഥരുടെ നിർദേശപ്രകാരം ബസ് ജീവനക്കാർ സർവീസ് ഉപേക്ഷിച്ചു. മൂന്നാറിൽ സ്ഥിരം റോന്ത് ചുറ്റുന്ന കൊമ്പൻ പടയപ്പയാണ് ബസിന്റെ ചില്ല് തകർത്തതെന്ന് നാട്ടുകാർ പറയുന്നുണ്ടെങ്കിലും വനംവകുപ്പ് ഉദ്യോഗസ്ഥർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
രണ്ട് ദിവസം മുമ്പ് പടയപ്പ മറ്റൊരു കെ.എസ്.ആർ.ടി.സി ബസിന്റെ ചില്ലുകൾ തകർത്തിരുന്നു. വെള്ളിയാഴ്ച രാത്രി 12 മണിയോടെ പഴനിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസിന് നേരെയും പടയപ്പ ആക്രമണം നടത്തിയിരുന്നു. മറയൂർ-മൂന്നാർ റോഡിൽ നെയ്മക്കാട് വച്ചായിരുന്നു സംഭവം. ഇതേതുടർന്ന് അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു.