
പാലക്കാട്: എലപ്പുള്ളിയിൽ കിണറ്റിലകപ്പെട്ട കാട്ടുപന്നിക്കൂട്ടത്തെ വനം വകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു.
കാക്കത്തോട് സ്വദേശിയും സ്കൂൾ അദ്ധ്യാപകനുമായ ബാബുവിന്റെ വീട്ടിലെ കിണറ്റിലാണ് 5 കാട്ടുപന്നികൾ അകപ്പെട്ടത്. ഇവയെ വെടിവെച്ചു കൊന്ന ശേഷം പുറത്തെത്തിച്ചു. കരയിലേക്ക് കയറ്റിയാൽ അപകട സാധ്യതയുള്ളതിനാലാണ് വെടിവെച്ചു കൊന്നതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
പന്നികളുടെ കഴുത്തിൽ വടമിട്ട് കുരുക്കിയ ശേഷമാണ് വെടിവെച്ചത്. ജനവാസ മേഖലയിലെ കിണറ്റിൽ കാട്ടുപന്നികൾ വീണിട്ട് മണിക്കൂറുകളായെങ്കിലും വനം വകുപ്പ് ഉദ്യോഗസ്ഥർ എത്താൻ വൈകിയെന്ന് പ്രദേശവാസികൾ പറയുന്നു. പ്രദേശത്ത് കാട്ടുപന്നികളുടെ ആക്രമണം പതിവാണ്.
