
കോഴിക്കോട്: പഞ്ചായത്ത് ഭരണസമിതി രേഖാമൂലം അറിയിച്ചാല്‍ കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറയില്‍ ജനവാസ മേഖലയില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലാമെന്ന് ഷൂട്ടര്‍മാര്‍. വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട് ചക്കിട്ടപ്പാറ പഞ്ചായത്തില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് ഷൂട്ടര്‍മാര്‍ ഇക്കാര്യം അറിയിച്ചത്.
ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്ന കടുവ, ആന ഉള്‍പ്പെടെ എല്ലാ വന്യമൃഗങ്ങളെയും വെടിവച്ചുകൊല്ലുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് പ്രത്യേക യോഗം ചേര്‍ന്നത്. പഞ്ചായത്ത് സെക്രട്ടറി വിയോജനക്കുറിപ്പ് നല്കി. തീരുമാനം സംസ്ഥാന സര്‍ക്കാരിലേക്ക് അയയ്ക്കും. സര്‍ക്കാര്‍ തീരുമാനം വന്ന ശേഷമായിരിക്കും തുടര്‍നടപടികള്‍.
പഞ്ചായത്ത് പരിധിയിലെ 5 ഷൂട്ടര്‍മാരാണ് യോഗത്തില്‍ പങ്കെടുത്തത്. 20 ഷൂട്ടര്‍മാരുടെ ലിസ്റ്റാണ് പഞ്ചായത്ത് തയാറാക്കിയത്. ബാക്കിയുള്ളവര്‍ പഞ്ചായത്തിനു പുറത്തുള്ളവരാണ്. ഈ മാസം 19, 20, 21 തിയതികളില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക ഗ്രാമസഭ ചേരും. 24ന് വനംവകുപ്പ് ഓഫീസിലേക്ക് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്താനും യോഗം തീരുമാനിച്ചു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ശുപാര്‍ശയ്ക്കെതിരെയാണ് പ്രതിഷേധം.
ചക്കിട്ടപ്പാറ പഞ്ചായത്ത് ഭരണസമിതി യോഗം ചേര്‍ന്നാണ് വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലുമെന്ന് പ്രഖ്യാപിച്ചത്. തീരുമാനത്തെ പിന്തുണച്ച് കര്‍ഷക സംഘടനകള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. ഇതോടെ പഞ്ചായത്ത് പ്രസിഡന്റിനുള്ള പ്രത്യേക അധികാരം റദ്ദാക്കണമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ശുപാര്‍ശ നല്കി. ഭരണഘടനാവിരുദ്ധവും രാജ്യത്തെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതുമാണ് പഞ്ചായത്ത് ഭരണസമിതിയുടെ ആഹ്വാനമെന്ന് വ്യക്തമാക്കിയ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന്, ഉപദ്രവകാരികളായ പന്നികളെ കൊല്ലാന്‍ പ്രസിഡന്റിനു നല്കിയ ‘ഓണററി വൈല്‍ഡ് ലൈഫ് വാര്ഡന് അധികാരം’ റദ്ദാക്കാനാണ് വനം അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് ശുപാര്‍ശ നല്‍കിയത്.
പ്രസിഡന്റുമാര്‍ക്ക് ഓണററി പദവി നല്‍കിയത് മന്ത്രിസഭാ തീരുമാനമായതിനാല്‍ ഒരാളുടെ പദവി എടുത്തുകളയാനും മന്ത്രിസഭ തീരുമാനിക്കേണ്ടതുണ്ട്. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നറിയുന്നു. ജനവാസ മേഖലകളില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും നാശം വരുത്തുന്ന വന്യജീവികളുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് പഞ്ചായത്ത് തീരുമാനമെടുത്തത്. എന്തു സംഭവിച്ചാലും പ്രത്യാഘാതം നേരിടാന്‍ തയാറെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ വ്യക്തമാക്കിയിരുന്നു.
