കോട്ടയം: ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. കോട്ടയത്തും ആലപ്പുഴയിലുമാണ് നാശനഷ്ടങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്. ആലപ്പുഴയില്‍ ട്രാക്കുകളില്‍ മരം വീണതിനാല്‍ ട്രെയിനുകള്‍ വൈകി. ആലപ്പുഴ വഴിയും കോട്ടയം വഴിയും എറണാകുളം ഭാഗത്തേക്കും തിരുവനന്തപുരം ഭാഗത്തേക്കും ഉള്ള ട്രെയിനുകളാണ് വൈകിയത്.
ഓച്ചിറയ്ക്കടുത്ത് ട്രാക്കില്‍ മരം വീണതോടെ എറണാകുളത്തേക്കുള്ള ട്രെയിനുകള്‍ പിടിച്ചിട്ടിരുന്നു. പാലരുവി എക്സ്പ്രസാണ് ഓച്ചിറയില്‍ പിടിച്ചിട്ടത്. തകഴിക്കടുത്ത് മരം വീണതോടെ കൊല്ലം- ആലപ്പുഴ ട്രെയിന്‍ ഹരിപ്പാട് പിടിച്ചിട്ടിരുന്നു. നിസാമുദ്ദീന്‍ തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് കൊല്ലം ജംഗ്ഷനിലും പിടിച്ചിട്ടു. ആലപ്പുഴ തുറവൂരില്‍ കാറിനു മുകളില്‍ മരം വീണ് കേടുപാടുകള്‍ സംഭവിച്ചു. തൃശൂര്‍ മലക്കപ്പാറയില്‍ പാലത്തിനു സമീപം മണ്ണിടിഞ്ഞ് മലക്കപ്പാറയിലേക്കുള്ള ഗതാഗതം തടസപ്പെട്ടു.
കോട്ടയം, കുമരകം ഭാഗങ്ങളില്‍ ശക്തമായ കാറ്റില്‍ മരങ്ങള്‍ വീണു. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ഇടവിട്ട ശക്തമായ തുടരുകയാണ്. കുമരകത്തെ ഗ്രാമീണ റോഡുകളില്‍ മരം വീണ് ഗതാഗത തടസമുണ്ടായി. നാട്ടകം പോളിടെക്നിക്കിന് സമീപം മരംവീണ് ഗതാഗതം തടസപ്പെട്ടു. എം സി റോഡില്‍ നിന്ന് നാട്ടകം പോര്‍ട്ടിലേക്കുള്ള ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. എംസി റോഡില്‍ ഗതാഗത തടസ്സമില്ല. പള്ളം, പുതുപ്പള്ളി , എംജി യൂണിവേഴ്സിറ്റി, കിടങ്ങൂര്‍ ഭാഗങ്ങളിലും മരം വീണു. അഗ്നിരക്ഷാ സേന മരങ്ങള്‍ മുറിച്ചു മാറ്റി.
ശക്തമായ മഴയില്‍ ഇടമറുക് രണ്ടാറ്റുമുന്നിയില്‍ റോഡിലേക്ക് വെള്ളം കയറി. കിഴക്കന്‍ മേഖലയില്‍ മഴ തുടരുകയാണ്. പള്ളം പുതുവലില്‍ ഷാജിയുടെ വീട് ഭാഗികമായി തകര്‍ന്നു. മരം വീണ് ഇരുചക്ര വാഹനങ്ങള്‍ക്കും കേടുപാടുണ്ടായി. കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ഏറ്റവും ശക്തമായ കാറ്റ് വീശിയത് കുമരകത്ത് ആണ്. മണിക്കൂറില്‍ 57.5 കിലോമീറ്റര്‍ വേഗത്തിലാണ് കുമരകത്ത് ഇന്ന് പുലര്‍ച്ചെ കാറ്റ് വീശിയത്. തിരുവനന്തപുരത്ത് പൊന്മുടി-വിതുര റോഡില്‍ മരം വീണു. കെഎസ്ആര്‍ടിസി ബസ് ഉള്‍പ്പെടെ ഇവിടെ കുടുങ്ങി. കൊച്ചി- ധനുഷ്കോടി ദേശീയപാതയില്‍ വാളറയ്ക്കടുത്ത് ചീയപ്പാറയിലും മരം വീണ് ഗതാഗത തടസമുണ്ടായി.