മനാമ:ലോകാരോഗ്യ സംഘടനയുടെ 152 മത് ഓഫീസ് ബഹ്റൈനിൽ തുറന്നു. മനാമയിൽ ആരംഭിച്ച ഓഫീസ് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അഥനോം ഗെബ്രിയേസസ് ഉത്ഘാടനം ചെയ്തു. ആരോഗ്യമന്ത്രി ഫെയ്ക ബിന്ത് സയീദ് അൽ സാലിഹ്, ലോകാരോഗ്യ സംഘടനയുടെ ബഹ്റൈൻ പ്രതിനിധി ഡോ. തസ്നിം അതത്ര എന്നിവർ പങ്കെടുത്തു.
ബഹ്റൈനിലെ ലോകാരോഗ്യ സംഘടന ഓഫീസ് ആരോഗ്യമേഖലയിൽ തന്ത്രപരവും സാങ്കേതികവുമായ പിന്തുണ നൽകുന്നു. ഇത് പ്രാദേശിക, ദേശീയ, അന്തർദേശീയ തലങ്ങളിൽ പൊതുജനാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിന് തുടരുന്ന സേവനങ്ങളുടെ ഗുണനിലവാരവും സുസ്ഥിരതയും ഉറപ്പുവരുത്തുന്നതിന് സഹായിക്കും. ഡോ. ഗെബ്രിയേസസ് പറഞ്ഞു.
ആശുപത്രികൾ, എക്സിബിറ്റ് സെന്ററുകൾ, ഷോപ്പിംഗ് മാളുകൾ തുടങ്ങി ബഹ്റൈനിലെ നിരവധി കോവിഡ് വാക്സിനേഷൻ സൈറ്റുകൾ അദ്ദേഹം സന്ദർശിച്ചു. ബഹ്റൈനിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. മറ്റു പല രാജ്യങ്ങളെ അപേക്ഷിച്ച് ബഹ്റൈനിലെ ദിനം പ്രതിയുള്ള കോവിഡ് പരിശോധനകൾ കൂടുതലാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ കോവിഡ് പ്രതിരോധത്തിനായുള്ള നാഷണൽ മെഡിക്കൽ ടാസ്ക് ഫോഴ്സിന്റെ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കോവിഡ് മഹാമാരിയിലുടനീളം ലോകാരോഗ്യ സംഘടനയുമായി ബഹ്റൈൻ അടുത്ത് സഹകരിച്ചിരുന്നു. മുൻനിര ആരോഗ്യ നഗരം എന്ന നിലയിലേക്കുള്ള മനാമയുടെ വികസനത്തിന്റെ അടുത്തപടിയായാണ് മേഖല ഓഫീസ് തുറക്കുന്നത്. മനാമയെ ആരോഗ്യ നഗരമായി ലോകാരോഗ്യ സംഘടന കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.