കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ, കോവിഡ് വാക്സിന്റെ ഫലം കുറയ്ക്കുമെന്ന് ലോകാരോഗ്യ സംഘടന. ഒമിക്രോൺ ഡെൽറ്റ വകഭേദത്തെക്കാൾ കൂടുതൽ വേഗത്തിൽ ആളുകളിലേക്ക് പടരും. എന്നാൽ മുൻ വകഭേദങ്ങളെ അപേക്ഷിച്ച് ഗുരുതരമായ രോഗലക്ഷണങ്ങൾ കുറവാണെന്നും ഡബ്ള്യു.എച്ച്.ഒ വ്യക്തമാക്കി.
കോവിഡ് ഡെൽറ്റ വകഭേദം ഏറ്റവും കുറവുണ്ടായിരുന്ന ദക്ഷിണാഫ്രിക്കയിലും ഏറ്റവും പ്രതിസന്ധിസൃഷ്ടിച്ച ബ്രിട്ടനിലും ഒമിക്രോൺ വളരെ വേഗത്തിൽ പടർന്നു പിടിക്കുകയാണ്. സാമൂഹിക വ്യാപനം സംഭവിച്ചിട്ടുണ്ടെന്നും WHO വ്യക്തമാക്കി.
ഒമിക്രോൺ വകഭേദത്തിന് രോഗലക്ഷണങ്ങൾ കുറവെന്നാണ് വൈറസ് ആദ്യമായി കണ്ടെത്തിയ ദക്ഷിണാഫ്രിക്കയിലെ ഡോക്ടർമാരും പറയുന്നത്.
അതേസമയം ഒമിക്രോൺ വകഭേദം കാരണമുണ്ടാകുന്ന രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ബൂസ്റ്റർ ഡോസുകൾ സ്വീകരിക്കുന്നതിനുള്ള കാലാവധി കുറയ്ക്കുമെന്ന് ഓസ്ട്രേലിയ അറിയിച്ചു.
18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിച്ച് ആറുമാസങ്ങൾക്കുശേഷം ബൂസ്റ്റർ ഡോസുകൾ നൽകുമെന്നാണ് സർക്കാർ നേരത്തേ പ്രഖ്യാപിച്ചിരുന്നത്.
