ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിനെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യുപിയില്‍ ഇപ്പോള്‍ ക്രമസമാധാന പ്രശ്നങ്ങളില്ല. ഗുണ്ടാരാജ് നിലനിന്നിടത്ത് ഇപ്പോള്‍ നിര്‍ഭയം സഞ്ചരിക്കാം. കുറ്റകൃത്യങ്ങള്‍ കുറഞ്ഞതോടെ യുപിയിലേക്ക് നിക്ഷേപങ്ങള്‍ വരുന്നത് വര്‍ധിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
റോസ്ഗാര്‍ മേളയോട് അനുബന്ധിച്ച് 51,000 പേര്‍ക്ക് ജോലിക്കുള്ള അപ്പോയിന്റ്മെന്റ് ലെറ്ററുകള്‍ വിതരണം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മോദി. മുമ്പ് യുപി കുറ്റകൃത്യത്തില്‍ ഏറെ മുമ്പിലായിരുന്നു. വികസനത്തിലാകട്ടെ ഏറെ പിന്നിലും. ഗുണ്ടാമാഫിയയാണ് സംസ്ഥാനം ഭരിച്ചിരുന്നത്. കുറ്റകൃത്യത്തിന് പേരുകേട്ട സ്ഥലത്ത് നിയമവാഴ്ച ഉറപ്പാക്കി.
ഗുണ്ടകള്‍ വാണ സ്ഥലത്ത് ജനങ്ങള്‍ക്ക് ഇപ്പോള്‍ ഭയമില്ല. ക്രമസമാധാന പ്രശ്നങ്ങള്‍ ഇല്ലാതായതോടെ യുപിയിലേക്ക് നിക്ഷേപങ്ങളും വരുന്നു. രാജ്യവും ഇപ്പോള്‍ അഭിമാനത്തിലും ആത്മവിശ്വാസത്തിലുമാണ്. അത്തരമൊരു അന്തരീക്ഷത്തിലാണ് ഇത്തവണ തൊഴില്‍മേള സംഘടിപ്പിക്കുന്നത്. ഏതൊരു സമ്പദ് വ്യവസ്ഥയും മുന്നോട്ട് പോകണമെങ്കില്‍ രാജ്യത്തിന്റെ എല്ലാ മേഖലകളും വികസിക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.