
ഇസ്താംബൂൾ: കർഷകനെ കടിച്ച് കീറി റിസോർട്ടിലെ മൃഗശാലയിൽ നിന്ന് ചാടിപ്പോയ സംഹം. ദക്ഷിണ തുർക്കിയിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. മെഡിറ്ററേനിയൻ തീരത്തെ റിസോർട്ട നഗരമായ മാനവ്ഗട്ടിലെ ലാൻഡ് ഓഫ് ലയൺസ് എന്ന റിസോർട്ടിലെ മൃഗശാലയിൽ നിന്നാണ് സീയൂസ് എന്ന് പേരുള്ള സിംഹം ഞായറാഴ്ച പുലർച്ചെ രക്ഷപ്പെട്ടത്. ഏതാനും മണിക്കൂറുകൾക്കുള്ളിലാണ് പിസ്ത മരങ്ങൾ നനയ്ക്കുന്നതിനിടെ വീടിന് പുറത്ത് കിടന്നുറങ്ങിയ 53കാരനായ സുലൈമാൻ കിർ എന്നയാളാണ് ആക്രമിക്കപ്പെട്ടത്.
പുതപ്പിന് പുറത്ത് എന്തോ പിറുപിറുക്കുന്നത് പോലെയുള്ള ശബ്ദം കേട്ട് നോക്കിയ 53കാരൻ നോക്കിയത് സിംഹത്തിന്റെ മുഖത്തായിരുന്നു. മുഖത്ത് കടിക്കാനുള്ള സിംഹത്തിന്റെ ശ്രമം ചെറുത്തെങ്കിലും ശരീരമാസകലം 53കാരന് സിംഹവുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റിട്ടുണ്ട്. സിംഹത്തിന്റെ കഴുത്തിൽ ബലം പ്രയോഗിക്കാൻ സാധിച്ചതോടെയാണ് സുലൈമാന് രക്ഷപ്പെടാനായതെന്നാണ് ഇയാൾ പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കിയത്. ഇതിനിടെ റിസോർട്ടുകാരുടെ പരാതിയിൽ സിംഹത്തെ അന്വേഷിച്ചെത്തിയ പൊലീസുകാർ ഇതേസമയം ഇവിടെ എത്തിയതാണ് 53കാരന് രക്ഷയായത്.
പൊലീസുകാർ ആകാശത്തേയ്ക്ക് വെടിവച്ചതോടെ സിംഹം പേടിച്ചോടുകയായിരുന്നു. സിംഹം കർഷകന്റെ വീടിന് പുറത്ത് എത്തിയ ദൃശ്യങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. തലയിലും കാലിലും ഗുരുതരമായി പരിക്കേറ്റ 53കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കർഷകനെ ആക്രമിച്ചതിന്റെ പരിസരത്തുള്ള മേഖലയിൽ വച്ച് പൊലീസ് ഡ്രോൺ സിംഹത്തെ കണ്ടെത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സിംഹകുടുംബം എന്നാണ് ലാൻഡ് ഓഫ് ലയൺ ഔദ്യോഗിക വെബ്സൈറ്റിൽ റിസോർട്ടിനേക്കുറിച്ച് പറയുന്നത്. കടുവകളും ചെന്നായകളും കരടികളും അടക്കം 30ഓളം വന്യമൃഗങ്ങളാണ് ഈ റിസോർട്ടിലുള്ളത്. സിംഹം എങ്ങനെയാണ് കൂട്ടിനുള്ളിൽ നിന്ന് രക്ഷപ്പെട്ടതെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഇതിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
