കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കൊച്ചിയിൽ ബോംബുകൾ പൊട്ടുമ്പോൾ മുഖ്യമന്ത്രി ഡൽഹിയിൽ രാഷ്ട്രീയം കളിക്കുകയാണെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തന്നെ വർഗീയവാദിയെന്ന് വിളിക്കാൻ മുഖ്യമന്ത്രിക്ക് എന്ത് ധാർമ്മികാവകാശമാണ് ഉള്ളതെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു. മുഖ്യമന്ത്രിക്കുള്ളതിനെക്കാൾ അടുത്ത ബന്ധമാണ് തനിക്ക് മുസ്ലിം, ക്രിസ്ത്യന്‍ ഉൾപ്പെടെയുള്ള വിഭാഗങ്ങളുമായി ഉള്ളത്. ആരാണ് കൂടുതൽ മതേതരവാദിയെന്നും ആർക്കാണ് ന്യൂനപക്ഷവിഭാഗങ്ങളിൽപ്പെട്ട കൂടുതൽ സുഹൃത്തുക്കളുള്ളതെന്നും പരിശോധിക്കാൻ അദ്ദേഹം മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു.
കോൺഗ്രസും സി.പി.എമ്മും വർഗീയവാദികളെ പ്രീണിപ്പിക്കുകയാണെന്ന ആരോപണവും കേന്ദ്രമന്ത്രി ഉന്നയിച്ചു. എം.കെ. മുനീറും എം. സ്വരാജും ഹമാസിനെ അനുകൂലിച്ച് പ്രസ്താവനയിറക്കി. കേരളത്തിൽ ചിലരിൽ തീവ്രവാദ സ്വഭാവം വർധിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. സ്ഫോടനം നടന്നപ്പോൾ ഡൽഹിയിൽ ഇരുന്ന് രാഷ്ട്രീയം പറയാനാണ് പിണറായിയുടെ ശ്രമം. മുഖ്യമന്ത്രി എന്ന നിലയിലും ആഭ്യന്തരമന്ത്രി എന്ന നിലയിലുമുള്ള പരാജയം മറയ്ക്കാനാണിത്. ജനങ്ങൾക്ക് സംരക്ഷണം ഒരുക്കാൻ കഴിയില്ലെങ്കിൽ പിണറായി അതിനു യോഗ്യരായവരെ കണ്ടെത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജീവ് ചന്ദ്രശേഖറിന്റെ ട്വീറ്റിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. കേന്ദ്രമന്ത്രിയുടെത് വർഗീയ വീക്ഷണത്തോടെയുള്ള നിലപാടാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മന്ത്രിപദവിയുള്ള ആൾ അന്വേഷണ ഏജൻസികളോട് സാധാരണനിലയിലുള്ള ആദരവ് കാണിക്കണം. എല്ലാ വർഗീയതയ്ക്കും എതിരായ നിലപാടാണ് കേരളം സ്വീകരിച്ചതെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.