
ന്യുഡല്‍ഹി: കുംഭമേളയെ തുടര്‍ന്ന് പ്രയാഗ് രാജില്‍ അനുഭവപ്പെടുന്ന തീവ്ര ഗതാഗത കുരുക്ക് വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ച് സമാജ് വാദി നേതാവ് അഖിലേഷ് യാദവ്.കുംഭ മേളയില്‍ പങ്കെടുക്കാന്‍ എത്തുന്ന വിശ്വാസികള്‍ 300 കിലോമീറ്റര്‍ നീളമുള്ള ഗതാഗത കുരുക്കില്‍ അകപ്പെട്ടു കിടക്കുകയാണ്. ഇതാണോ വികസിത ഭാരതമെന്ന് അഖിലേഷ് യാദവ് ചോദിച്ചു.
‘ഗതാഗതം നിയന്ത്രിക്കാന്‍ പോലും സര്‍ക്കാരിന് കഴിയുന്നില്ല. ഭൂമിയിലെ പ്രശ്നങ്ങൾ പരിഹരിക്കാതെ ചന്ദ്രനില്‍ പോയിട്ട് എന്തുകാര്യമാണുള്ളത്. ഡബിള്‍ എന്ജിന് സര്‍ക്കാരാണ് യുപിയില്‍ ഉള്ളതെന്ന് അവര്‍(ബിജെപി) പറയുന്നു. ഡബിള്‍ എന്ജിന് സര്‍ക്കാര്‍ ഡബിള്‍ മണ്ടത്തരങ്ങളാണ് ചെയ്യുന്നത്’- അഖിലേഷ് യാദവ് പറഞ്ഞു
വാഹനങ്ങള്‍ മണിക്കൂറുകളോളം പ്രയാഗ് രാജ് റോഡില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പ്രയാഗ് രാജ്, അയോധ്യ, കാശി എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയപാതകളിലാണ് ഗതാഗതകുരുക്കില്‍ ജനങ്ങള്‍ വലയുന്നത്.
ഗതാഗതകുരുക്കിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കാറില്‍ ഉറങ്ങേണ്ടി വന്നെന്ന് അയോധ്യയില്‍ നിന്നെത്തിയ ഒരു ഭക്തന് പ്രതികരിച്ചു. രാത്രി 7 മണി മുതല്‍ ട്രാഫിക് ബ്ലോക്കില്‍ പെട്ടെന്നും ജനങ്ങളുടെ ക്ഷമയില്ലായ്മ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നുവെന്നും അദ്ദേഹം പറയുന്നു. ഗതാഗത കുരുക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും നാല് മണിക്കൂറിന്റെ യാത്രക്ക് 12 മണിക്കൂറോളം എടുത്തതായി മറ്റൊരു തീര്ഥാടകന് പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തീര്‍ഥാടകരും വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. ബിഹാറിലെ റോഹ്താസ് ദേശീയപാതയില്‍ 10 കിലോമീറ്ററോളം വാഹനങ്ങള്‍ കുരുക്കിലായി. യാത്രക്കാര്‍ക്ക് രാത്രിയും പകലുമെന്നില്ലാതെ റോഡുകളില്‍ കഴിയേണ്ടിവരുകയാണ്. ഇതിന് പുറമേ ഭക്ഷ്യസാധനങ്ങള്‍ ലഭിക്കാത്ത അവസ്ഥ പ്രദേശവാസികളെയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
ജനങ്ങള്‍ക്ക് നല്കുന്ന ട്രാഫിക് നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. നല്കുന്ന മുന്നറിയിപ്പുകള്‍ക്കനുസരിച്ച് മാത്രമേ യാത്ര പുറപ്പെടാവൂ എന്നും അറിയിപ്പുണ്ട്. 12 വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന കുംഭമേളയില്‍ 40 കോടിയിലധികം പേര് പങ്കെടുക്കുമെന്നാണ് കരുതുന്നത്. 10,000 ഏക്കറിലാണ് മഹാകുംഭ നഗര്‍ എന്ന താത്കാലിക നഗരം ഒരുക്കിയിരിക്കുന്നത്. ഒരേസമയം ഒരു കോടിവരെ ഭക്തരെ ഇവിടെ ഉള്‍ക്കൊള്ളാനാകും.
