
കൊച്ചി: ടിപി ചന്ദ്രശേഖരന് വധക്കേസില്‍ പ്രതികളുടെ പരോളില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ടിപി കേസ് പ്രതികള്‍ക്ക് മാത്രം എന്താണ് പ്രത്യേകതയെന്ന് ചോദിച്ച കോടതി പരോളില്‍ അന്വേഷണം വേണ്ടതാണെന്നും പറഞ്ഞു. പന്ത്രണ്ടാം പ്രതി ജ്യോതി ബാബുവിന്റെ പരോള്‍ നിരസിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം.
പരോള്‍ സംബന്ധിച്ച് ഗുരുതരമായ പരാമര്‍ശങ്ങളാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. ടിപി കേസിലെ പന്ത്രണ്ടാം പ്രതിയായ ജ്യോതി ബാബുവിന്റെ ഭാര്യ സ്മിതയാണ് പരോള്‍ ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയത്. തന്റെ ഭര്‍ത്താവിന് പത്തുദിവസത്തെ അടിയന്തര പരോള്‍ അനുവദിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ജ്യോതിബാബുവിന്റെ പിതാവിന്റെ സഹോദരന്റെ മകന് ഈ മാസം 28ാം തീയതി മരിച്ചു. മരണാനന്തരകര്‍മങ്ങള്‍ക്കായി അടിയന്തരപരോള്‍ വേണം. വീട്ടില്‍ മറ്റ് പുരുഷ അംഗങ്ങള്‍ ഇല്ലെന്നും ഇക്കാര്യം ജയില്‍ ഡിജിപിയെ അറിയിച്ചെങ്കിലും പരോള്‍ നല്കുന്ന കാര്യത്തില്‍ ഒരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്.
പരോള്‍ ആവശ്യത്തിനെതിരെ ഹൈക്കോടതിയുടെ ഭാഗത്തുനിന്നും രൂക്ഷവിമര്‍ശനം ഉണ്ടായി. പരോള്‍ ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ ടിപി വധക്കേസ് പ്രതിയാണെന്ന കാര്യം വ്യക്തമാക്കിയിരുന്നില്ല. ഇതിനെയും കോടതി വിമര്‍ശിച്ചു. ജയില്‍ ചട്ടം അനുസരിച്ച് മരിച്ചയാളുടെ ഏറ്റവും അടുത്ത ബന്ധുവിന് മാത്രമേ ഇത്തരത്തില്‍ പരോള്‍ അനുവദിക്കാന്‍ കഴിയുകയുള്ളു. നിലവില്‍ മരിച്ചയാള്‍ അടുത്ത ബന്ധുവല്ലെന്നും വിവേചനം പരിഗണിക്കാന്‍ ജയില്‍ സൂപ്രണ്ടിന് കോടതി നിര്‍ദേശം നല്കിയാല് അപ്പോള്‍ തന്നെ പരോള്‍ അനുവദിക്കുമെന്നും കോടതി നിരീക്ഷിച്ചു. പ്രതികള്‍ക്ക് അത്രമാത്രം ഉയര്‍ന്ന സ്വാധീനമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി ടിപി ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ക്ക് അനുവദിച്ച പരോളിനെ കുറിച്ച് അന്വേഷണം വേണമെന്ന് ജസ്റ്റിസ് ജോബിന് സെബാസ്റ്റിയന് വ്യക്തമാക്കി. പരോള്‍ വേണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.


