പ്രായഭേദമന്യേ ഇന്ന് ഒട്ടുമിക്ക ആളുകളും നേരിടുന്ന പ്രശ്നമാണ് മൈഗ്രെയ്ൻ. ടെൻഷൻ, സ്ട്രെസ്സ് എന്നിവ മൂലം രക്തസമ്മർദ്ദം ഉയരുന്നത് മൈഗ്രെയ്നിലേക്ക് വഴിവെക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. മൈഗ്രെയ്നിന്റെ കടുത്ത വേദന ഇല്ലാതാക്കാൻ ആഹാരത്തിൽ ഉൾപ്പെടുത്തേണ്ട പ്രധാന വസ്തുക്കൾ ഏതെല്ലാമാണെന്ന് വിശദമാക്കുകയാണ് ആരോഗ്യവിദഗ്ധർ.
ഡാർക്ക് ചോക്ലേറ്റ് ആണ് ആദ്യത്തേത്. മഗ്നീഷ്യം ധാരാളമായി അടങ്ങിയിരിക്കുന്ന ഇവ, ഹോർമോൺ അസന്തുലിതാവസ്ഥ പരിഹരിച്ച് ടെൻഷൻ കുറക്കുന്നതിനാൽ, സ്ഥിരമായി കഴിക്കുന്നത് വളരെയധികം ഗുണകരമാണ്. പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയാൽ സമ്പന്നമായ വാഴപ്പഴവും മൈഗ്രെയ്നെതിരെ ഉത്തമ പരിഹാര മാർഗമാണ്. രക്തസമ്മർദ്ദം വരുതിയിലാക്കി, പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും വാഴപ്പഴത്തിന് കഴിവുണ്ട്.
ചൂര, സാൽമൺ, ചെമ്മീൻ പോലുള്ള ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സമുദ്രവിഭവങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തുന്നതും മൈഗ്രെയ്ൻ പ്രശ്നങ്ങൾ ഇല്ലാതാക്കും. വിറ്റാമിൻ ബി ഘടകങ്ങൾ അടങ്ങിയ നെല്ലിക്ക, ഓർമ്മശക്തി വർധിപ്പിക്കുന്ന ബദാം എന്നിവയും മൈഗ്രെയ്നെ പ്രതിരോധിക്കുന്നതായി പഠനങ്ങൾ പറയുന്നു.