
കണ്ണൂർ: കരിവള്ളൂരിൽ കല്യാണ വീട്ടിൽ നിന്ന് 30 പവൻ സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. വരന്റെ ബന്ധുവായ യുവതിയാണ് പിടിയിലായത്. പ്രതിയായ കൂത്തുപറമ്പ് വേങ്ങാട് സ്വദേശിനി ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. സ്വർണം കണ്ടാൽ ഭ്രമം തോന്നാറുണ്ടെന്നും അങ്ങനെയാണ് മോഷണം നടത്തിയതെന്നുമാണ് യുവതി പൊലീസിന് നൽകിയ മൊഴി.
കല്യാണ ദിവസമായ മേയ് ഒന്നിന് രാത്രി ഏഴ് മണിയോടെ ആയിരുന്നു മോഷണം നടത്തിയത്. ഭർത്താവിന്റെ വീട്ടിലെ അലമാരയിൽ വൈകിട്ട് അഴിച്ചുവച്ച സ്വർണമാണ് മോഷണം പോയത്. പിടിക്കപ്പെടുമെന്നായപ്പോൾ ചൊവ്വാഴ്ച രാവിലെ വീട്ടുമുറ്റത്ത് കൊണ്ടുവച്ചെന്നും യുവതി പറഞ്ഞു. പ്ലാസ്റ്റിക് കവറിൽ കെട്ടി വീടിന് സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു കണ്ടത്. കവർന്ന മുഴുവൻ സ്വർണാഭരണങ്ങളും കവറിൽ ഉണ്ടായിരുന്നു. സംഭവത്തിൽ പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.
