ബീഹാർ: മുൻ കാമുകിയുടെ വിവാഹ ചടങ്ങിലേക്ക് അതിക്രമിച്ച് കയറിയ യുവാവ് വരന്റെ കൈയിൽനിന്ന് മാല തട്ടിയെടുത്ത് വധുവിന്റെ കഴുത്തിലിട്ടു. ബീഹാറിലെ ജയമലയിലാണ് സംഭവം. അമൻ എന്നയാളാണ് മുൻ കാമുകിയടെ വിവാഹ ചടങ്ങ് അലങ്കോലമാക്കിയത്. ഇന്ത്യ ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആരും പ്രതികരിക്കുന്നതിന് മുമ്പ്, വരന്റെ കയ്യിൽ നിന്ന് മാല തട്ടിയെടുത്ത് അമൻ വധുവിന്റെ കഴുത്തിൽ ഇടുകയായിരുന്നു. പിന്നാലെ അയാൾ വധുവിന്റെ നെറ്റിയിൽ ബലമായി സിന്ദൂരം ചാർത്തുകയും ചെയ്തു. ഇതു കണ്ട് പ്രകോപിതരായ വരന്റെയും വധുവിന്റെയും ആളുകൾ അമനെ ക്രൂരമായി കൈകാര്യം ചെയ്യുകയും ചെയ്തു. അമനെ ഒന്ന് ചെയ്യരുതെന്ന് പറഞ്ഞ് യുവതി നിലവിളിച്ചെങ്കിലും ആളുകൾ അത് കാര്യമായി എടുത്തില്ല. നല്ല രീതിയിൽ തന്നെ യുവാവിനെ കൈകാര്യം ചെയ്തു.
പിന്നീട് പോലീസിനെ സ്ഥലത്തേക്ക് വിളിച്ചുവരുത്തി വധുവിന്റെ കാമുകനെ പോലീസിന് കൈമാറി. സംഭവത്തിൽ മനംനൊന്ത് വരന്റെ വീട്ടുകാർ വിവാഹത്തിൽനിന്ന് പിൻമാറി. വധുവിന് മറ്റൊരാളുമായി ബന്ധമുള്ളതിനാൽ വിവാഹവുമായി മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നില്ലെന്ന് വരൻ അക്ഷയ് കുമാർ പറഞ്ഞു.
എന്നാൽ കഥയിലെ ഏറ്റവും വലിയ ട്വിസ്റ്റ് ഇനിയും വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. വിവാഹം തടസ്സപ്പെടുത്താൻ കാമുകനും വധുവും ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. ഇരുവരും മുൻകൂട്ടി കാര്യങ്ങൾ ആസൂത്രണം ചെയ്യുകയും ഖഗാരിയ ജില്ലയിൽ നിന്ന് വധു ഫോൺ വിളിച്ചതിനെ തുടർന്നാണ് കാമുകൻ വേദിയിലെത്തിയതെന്നും പൊലീസ് കണ്ടെത്തി. വധുവിന്റെ വീട്ടുകാരുടെ ഭാഗത്ത് നിന്ന് ഔപചാരികമായ പരാതി ഇല്ലാത്തതിനാൽ കാമുകൻ അമൻ കുമാറിനെ വീട്ടിലേക്ക് പോകാൻ അനുവദിച്ചു.
